ആ അഭ്യാസം റോഡിൽ അല്ല, ആർക്കും പരിക്കില്ല, എല്ലാം മാധ്യമസൃഷ്‍ടി

Published : Dec 03, 2019, 08:46 PM ISTUpdated : Dec 03, 2019, 08:47 PM IST
ആ അഭ്യാസം റോഡിൽ അല്ല, ആർക്കും പരിക്കില്ല, എല്ലാം മാധ്യമസൃഷ്‍ടി

Synopsis

ഇപ്പോള്‍ ഉയരുന്ന പ്രശ്‌നങ്ങളെല്ലാം മാധ്യമസൃഷ്ടികളാണ്. ആനുകാലിക പ്രസക്തിയുള്ള ചില വാര്‍ത്തകളും സംഭവങ്ങളും മറച്ചുവയ്ക്കുകയെന്ന അജണ്ടയുടെ ഭാഗമായാണ് വാഹനാഭ്യാസത്തിന്റെ വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുന്നത്

കൊല്ലത്ത് സ്‍കൂളിൽ വിനോദയാത്രയ്ക്ക് മുമ്പേ കാറും ബസും നടത്തിയ അഭ്യാസങ്ങളെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ്. ബ്ലൂവോക്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വാദിക്കുന്ന പോസ്റ്റ് സ്‍കൂളിൽ അഭ്യാസം നടത്തിയ കാറിന്റെ ഉടമയെന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്.

ഇപ്പോള്‍ ഉയരുന്ന പ്രശ്‌നങ്ങളെല്ലാം മാധ്യമസൃഷ്ടികളാണ്. ആനുകാലിക പ്രസക്തിയുള്ള ചില വാര്‍ത്തകളും സംഭവങ്ങളും മറച്ചുവയ്ക്കുകയെന്ന അജണ്ടയുടെ ഭാഗമായാണ് വാഹനാഭ്യാസത്തിന്റെ വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുന്നതെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 

"

 

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇപ്പോള്‍ പുറത്തുവരുന്നതില്‍ ഭൂരിഭാഗവും വ്യാജവാര്‍ത്തകളാണെന്നും പോസ്റ്റ് ആരോപിക്കുന്നു. ‘മോട്ടോർ വാഹനവകുപ്പ് അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വാർത്തകളുടെ അടിസ്ഥാനത്തിൽ അവർ നടപടിയെടുക്കാൻ നിർബന്ധിതരാകുകയാണ്’.‘ഗൗരവമുള്ള യാതൊരു കുറ്റകൃത്യവും ഞങ്ങള്‍ ചെയ്‍തിട്ടില്ല. ചടങ്ങ് നടന്നത് റോഡിൽ അല്ല, ഗ്രൗണ്ടിൽ ആണ്. ആർക്കും പരുക്കോ അപകടമോ ഉണ്ടായിട്ടില്ല’. തുടങ്ങിയ വാദങ്ങളുമായി കുറിപ്പ് നീളുന്നു. 

രണ്ട് സംഭവങ്ങളാണ് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.  കൊട്ടാരക്കയിൽ വിനോദയാത്രാ സംഘത്തെ കൊണ്ടുപോകാനെത്തിയ ബസുമായി സ്‍കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ രഞ്ജുവിന്‍റെ ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്തു. താൽക്കാലികമായി ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. 

ടൂറിസ്റ്റ് ബസിനൊപ്പം കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികളും അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ സ്കൂളിലെ കുട്ടികളൊന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിദ്യാധിരാജ സ്കൂൾ മാനേജ്മെന്‍റിന്‍റെ വിശദീകരണം. സ്കൂൾ ഗ്രൗണ്ടിൽ പുറത്ത് നിന്ന് എത്തിയ ആളുകൾ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു എന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം. 

സ്‍കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിനൊപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ ഞെട്ടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഞ്ചൽ ഹയര്‍ സെക്കന്ററി സ്കൂളിൽ വിനോദയാത്രക്ക് പോയ സംഘത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ചായിരുന്നു ഈ അഭ്യാസ പ്രകടനം. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

 

 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ