"സാറേ, സാധനം കയ്യിലുണ്ട്..രണ്ടെണ്ണം അടിച്ചാലോ..?"പൂസായ ബൈക്ക് യാത്രികനെ ആര്‍ടിഒ ഓര്‍ക്കുന്നു!

By Web TeamFirst Published Jun 27, 2021, 11:17 AM IST
Highlights

"കട്ടപ്പനയിൽ ഔദ്യോഗിക ആവശ്യത്തിനു പോയി മടങ്ങുകയായിരുന്നു ഞാന്‍.. വഴി പാതി പിന്നിട്ടപ്പോഴായിരുന്നു ആ ഹീറോ സിബിസെഡ് ബൈക്ക് ഞങ്ങളുടെ മാരുതി എര്‍ട്ടിഗയെ ഓവര്‍ടേക്ക് ചെയ്യുന്നത്.." കഴിഞ്ഞ ദിവിസം കട്ടപ്പന - ഇടുക്കി റൂട്ടില്‍ നടന്ന ആ സംഭവ പരമ്പരയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുമ്പോള്‍ ആര്‍ടിഒ ആര്‍ രമണന്‍റെ വാക്കുകളില്‍ അതിശയം ഒഴിയുന്നില്ല

ര്‍ടിഒയുടെ ഔദ്യോഗിക വാഹനത്തെ ഓവര്‍ടേക്ക് ചെയ്‍ത് കയറി അമിതവേഗതയില്‍ പായുന്ന ഒരു ബൈക്ക്. ഇതുകണ്ട് ആര്‍ടിഒ നടുങ്ങുന്നു. എന്തോ ഒരു പന്തികേട് പോലെ. റോഡിലൂടെ വളഞ്ഞുംപുളഞ്ഞും പായുകയാണ് ആ ബൈക്ക്. അതോടിക്കുന്ന ലുങ്കിയുടുത്ത ചെറുപ്പക്കാരന് സ്വബോധം തീരെയില്ലെന്ന് ആ നിമിഷം ആര്‍ടിഒ തിരിച്ചറിയുന്നു. വളവുകള്‍ നിറഞ്ഞ റോഡിന് ഒരു വശം അഗാധമായ ഗര്‍ത്തം. അതാ, പാഞ്ഞുപോകുന്ന ആ ബൈക്ക് ഒരു കാറിന് മുന്നിലേക്ക് പാഞ്ഞു കയറുന്നു. പക്ഷേ അടുത്ത നിമിഷം കാര്‍ വെട്ടിയൊഴിയുന്നതും ആര്‍ടിഒ കണ്ടു. കൊക്കയില്‍ പതിക്കാതെ കാറുകാരനും റോഡില്‍ച്ചിതറാതെ ബൈക്കുകാരനും തലനാരിഴയ്‍ക്ക് രക്ഷപ്പെട്ടിരിക്കുന്നു! അതോടെ ആ ബൈക്കുകാരനെ ചേസ് ചെയ്‍ത് പിടിക്കാന്‍ ആര്‍ടിഒ തീരുമാനിക്കുന്നു. എന്നാല്‍ പിന്നെ സംഭവിച്ചത് സിനിമാക്കഥകളെ തോല്‍പ്പിക്കുന്ന ട്വിസ്റ്റുകളാണ്.

ഇടുക്കി ആര്‍ടിഒ ആര്‍ രമണനാണ് ഈ കഥയിലെ നായകന്‍. കഴിഞ്ഞ ദിവിസം കട്ടപ്പന - ഇടുക്കി റൂട്ടില്‍ നടന്ന ആ സംഭവ പരമ്പരയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുമ്പോള്‍ രമണന്‍റെ വാക്കുകളില്‍ അതിശയം ഒഴിഞ്ഞിരുന്നില്ല.

"കട്ടപ്പനയിൽ ഔദ്യോഗിക ആവശ്യത്തിനു പോയി ഇടുക്കിക്ക് മടങ്ങുകയായിരുന്നു ഞാന്‍.. ഡ്രൈവറും ഞാനും മാത്രമായിരുന്നു വണ്ടിയില്‍.. വഴി പാതി പിന്നിട്ടപ്പോഴായിരുന്നു ആ ഹീറോ സിബിസെഡ് ബൈക്ക് ഞങ്ങളുടെ മാരുതി എര്‍ട്ടിഗയെ ഓവര്‍ടേക്ക് ചെയ്‍ത് കയറുന്നത്.."

കാറിന്‍റെ മുന്നില്‍ നിന്ന് തലനാരിഴയ്‍ക്ക് രക്ഷപ്പെട്ട ബൈക്ക് മുന്നിലൂടെ വീണ്ടും അപകടകരമായ രീതിയില്‍ പാഞ്ഞുകൊണ്ടിരുന്നപ്പോഴാണ് രമണന് അപകടം മണത്തത്. എതിരെ വരുന്ന വാഹനങ്ങളില്‍ ഒരെണ്ണം ബൈക്കിന്റെ പരാക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങുതാഴെ കൊക്കയിലായിരിക്കും അതുചെന്ന് പതിക്കുക. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ എതിരെ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ബൈക്കുകാരന്‍ സ്വന്തം ജീവനൊപ്പം മറ്റ് അനവധി ജീവനുകള്‍ക്കുമേല്‍ ദുരന്തം വിതയ്ക്കാനുള്ള പാച്ചിലിലാണെന്ന് തിരിച്ചറിഞ്ഞ രമണന്‍ ഡ്രൈവറോട് പറഞ്ഞു: 

"അവനെ പിടിക്ക്.."

പക്ഷേ ഡ്രൈവര്‍ ഒന്നുമടിച്ചു.

'സാറേ അവനെ നമ്മള്‍ പിന്തുടരുകയാണെന്ന് അവന് തോന്നിക്കഴിഞ്ഞാല്‍ ചെലപ്പം അവന്‍ വീണ്ടും പായാനാണ് സാധ്യത. അപ്പോള്‍ അപകടം ഉറപ്പല്ലേ..?'

ഡ്രൈവറുടെ ആ സംശയം ന്യായമാണെന്ന് രമണനും തോന്നി. അങ്ങനെ സാവധാനം ബൈക്കിനെ പിന്തുടര്‍ന്നുതുടങ്ങി മോട്ടോര്‍വാഹനവകുപ്പിന്‍റെ ഔദ്യോഗക എര്‍ട്ടിഗ. വളവുകള്‍ തിരിഞ്ഞയുടന്‍ വേഗത കൂട്ടും, ബൈക്കുകാരന് സംശയം തോന്നാതിരിക്കാന്‍ പിന്നെ സാവധാനത്തിലാക്കും. അങ്ങനെ ഒരു കിലോമീറ്ററോളം പിന്നിട്ടു. വളവൊഴിഞ്ഞ് റോഡ് നിരപ്പായി മാറി. പെട്ടെന്ന് ബൈക്കില്‍ വലത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ തെളിയുന്നതു കണ്ടു. ഇതുതന്നെ അവസരമെന്ന് ഉറപ്പിച്ച എംവിഡി ഡ്രൈവര്‍ വണ്ടി വേഗതയില്‍ ഓടിച്ച് കയറ്റി ബൈക്കിന് വട്ടംവച്ചു.

എര്‍ട്ടിഗയുടെ ഡോര്‍ തുറന്ന് ചാടിയിറങ്ങിയ രമണന്‍ ബൈക്കിന് മുകളില്‍ ആടിയുലഞ്ഞ്, ഹെല്‍മറ്റില്ലാതെ, പാതിയടച്ച കണ്ണുകളോടെ ഇരിക്കുന്ന യുവാവിനെ പെട്ടെന്നുതന്നെ താങ്ങി. 'ആരാ..' എന്ന് കുഴഞ്ഞ ശബ്‍ദത്തില്‍ അയാള്‍ ചോദിച്ചു. യുവാവിന് സ്വബോധം തീരെയില്ലെന്ന് രമണന് മനസിലായി. "നീയിനി ഈ ബൈക്കില്‍ പോകേണ്ട, വാ എന്‍റെ വണ്ടിയില്‍ കേറിക്കോ, ഞാന്‍ കൊണ്ടു വിടാം.." ഇങ്ങനെ പറഞ്ഞുകൊണ്ട് ആര്‍ടിഒ കണ്ണുകൊണ്ട് ഡ്രൈവറെ നോക്കി ആംഗ്യം കാട്ടി, ബൈക്കെടുത്ത് നേരെ ഇടുക്കി പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ പതിയെപ്പറഞ്ഞു. എന്നിട്ട് യുവാവിനെ എര്‍ട്ടിഗയുടെ പിന്‍സീറ്റില്‍ കയറ്റിയിരുത്തി ഡ്രൈവര്‍ സീറ്റിലേക്ക് രമണനും കയറി. വണ്ടി വിട്ടു. ഇനിയാണ് കഥയിലെ അടുത്ത ട്വിസ്റ്റ്.

വണ്ടി കുറച്ചുദൂരം മുന്നോട്ടുപോയി. പിന്നിലിരിക്കുന്ന യുവാവ് തന്നെ അക്രമിച്ചേക്കുമോ എന്ന ചിന്ത ആര്‍ടിഒയെ വന്നു പൊതിഞ്ഞത് പെട്ടെന്നാണ്. ഇടയ്ക്കിടെ ചിമ്മിത്തുറക്കുന്ന അയാളുടെ ചുവന്ന കണ്ണുകളും പരുഷമായ മുഖവും രമണന്‍ റിയര്‍വ്യൂ മിററില്‍ കണ്ടു. ഇനി ഏതെങ്കിലും ക്രിമിനലായിരിക്കുമോ ഇയാള്‍? കയ്യില്‍ ആയുധം ഉണ്ടാകുമോ? ഇനിയും മുക്കാല്‍ മണിക്കൂറോളം ഓടണം ചെറുതോണി ടൌണിലുള്ള പൊലീസ് സ്റ്റേഷനില്‍ എത്താന്‍. ഏതുനിമിഷവും താന്‍ പിന്നില്‍ നിന്ന് ആക്രമിക്കപ്പെട്ടേക്കാമെന്ന ചിന്ത രൂക്ഷമായതോടെ പിന്നിലിരിക്കുന്നയാളോട് ചങ്ങാത്തം കൂടാനായി ആര്‍ടിഒയുടെ നീക്കം.

"ഏത് ബ്രാന്‍ഡാടോ നീ അടിച്ചത്..?" രമണന്‍ വെറുതെ ചോദിച്ചു.

ബ്രാന്‍ഡിനെപ്പറ്റിയുള്ള ചോദ്യം കേട്ടതോടെ യുവാവ് പാതിബോധത്തിലേക്ക് തിരിച്ചുവന്നെന്ന് പറഞ്ഞ് രമണന്‍ ചിരിക്കുന്നു.  അതോടെ അരയില്‍ നിന്ന് ഒരു മദ്യക്കുപ്പി വലിച്ചെടുത്ത് അയാള്‍ ആര്‍ടിഒയോട് പറഞ്ഞു:

"സാറേ, സാധനം കയ്യിലുണ്ട്.. രണ്ടെണ്ണം അടിച്ചാലോ..?"

ഞെട്ടിപ്പോയ രമണന്‍ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു. താനിരിക്കുന്നത് ആര്‍ടിഒയുടെ ഔദ്യോഗികവാഹനത്തിലാണെന്നും മദ്യപിക്കാന്‍ ക്ഷണിച്ചത് സാക്ഷാല്‍ ആര്‍ടിഔയെ ആണെന്നുമൊന്നും യുവാവിന് മനസിലായിട്ടില്ലെന്ന് രമണന് ഉറപ്പായി. ഇതിനിടെ യുവാവ് പറഞ്ഞു: 

"വണ്ടി സൈഡാക്ക് സാറേ..പെട്ടെന്നടിക്കാം.."

കുറച്ചങ്ങോട്ട് കഴിയട്ടെ, ഇവിടെവച്ച് വേണ്ടെന്നായി ആര്‍ടിഒ. അപ്പോള്‍ സാറിന് ഇഷ്‍ടമുള്ള ബ്രാന്‍ഡ് ഏതാണെങ്കിലും പറഞ്ഞാല്‍ മതി ഞാന്‍ ഉടനെ എത്തിക്കാം എന്നൊക്കെപ്പറഞ്ഞ് അയാള്‍ വാചാലനായി. പെയിന്‍റിംഗ് തൊഴിലാളിയാണെന്നും ലോക്ക് ഡൌണ്‍ തീര്‍ന്നതിന്‍റെ ആഘോഷത്തിലാണെന്നുമൊക്കെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ബൈക്കിന് ലൈസന്‍സും ഇന്‍ഷുറന്‍സുമൊക്കെ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് കൈമലര്‍ത്തി. വീണ്ടും കയ്യിലെ മദ്യക്കുപ്പി കാണിച്ച് വണ്ടി സൈഡാക്കാന്‍ നിര്‍ബന്ധം തുടര്‍ന്നു. എന്നാല്‍ പലതും പറഞ്ഞൊഴിഞ്ഞ് ആര്‍ടിഒ ഡ്രൈവിംഗ് തുടര്‍ന്നു. 

ഇതിനിടെ വണ്ടി ചെറുതോണി ടൌണില്‍ എത്തിയിരുന്നു. ടൌണില്‍ എസ്‍ഐയും പൊലീസ് വണ്ടിയും ചെക്കിംഗിനായി നില്‍ക്കുന്നത് കണ്ട് രമണന്‍ എര്‍ട്ടിഗ അങ്ങോട്ടടുപ്പിച്ചു. എസ്‍ഐയോട് കാര്യം പറഞ്ഞു. സിഐ സ്റ്റേഷനില്‍ ഉണ്ട് സാര്‍ പെട്ടെന്ന് വണ്ടി അങ്ങോട്ട് കേറ്റിക്കോ എന്ന് എസ്‍ഐ പറഞ്ഞു. ഇതോടെ യുവാവിന് എന്തൊക്കെയോ പന്തികേട് മണത്തു. എന്നെ ഇറക്കിവിട് സാറേ എന്നൊക്കെയായി പറച്ചില്‍. എര്‍ട്ടിഗ പൊലീസ് സ്റ്റേഷന്‍ മുറ്റത്തേക്ക് പാഞ്ഞുകയറി. ബീക്കണ്‍ ഉള്‍പ്പെടെ ഔദ്യോഗിക ചിഹ്നങ്ങളൊക്കെയുള്ള എംവിഡി വണ്ടിയുടെ വരവ് കണ്ടയുടന്‍ പൊലീസുകാര്‍ ഓടിയിറങ്ങി വന്നു. 

യുവാവിനെ തോളില്‍ കയ്യിട്ട് വിളിച്ചറക്കി പൊലീസുകാരെ ഏല്‍പ്പിച്ച ശേഷം രമണന്‍ സിഐക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ഇതിനിടെ പൊലീസുകാര്‍ അയാളുടെ അരയില്‍ തിരുകിയ മദ്യക്കുപ്പി കണ്ടെടുത്തിരുന്നു. അയാളുടെ ലഹരി അപ്പോഴേക്കും പൂര്‍ണ്ണമായും ഇറങ്ങിപ്പോയിരുന്നു. താന്‍ മദ്യക്കുപ്പിയുമായി സഞ്ചരിച്ചത് മോട്ടോര്‍വാഹനവകുപ്പിന്‍റെ ഔദ്യോഗിക വാഹനത്തില്‍ ആയിരുന്നുവെന്നും മദ്യപിക്കാന്‍ കൂട്ടിന് ക്ഷണിച്ചത് സാക്ഷാല്‍ ആര്‍ടിഒയെ ആയിരുന്നുവെന്നും തിരിച്ചറിഞ്ഞതോടെ അയാളിലെ ബാക്കിയുള്ള ലഹരിയും ആവിയായിപ്പോയി. മടങ്ങാന്‍ വണ്ടിയില്‍ കയറുന്നേരം വാഴവര സ്വദേശിയായ ലിജോ എന്ന ആ 30കാരന്‍ ആര്‍ടിഒയോട് ഇങ്ങനെ ചോദിച്ചു: "സാറേ, സാറെന്ന പൂട്ടിക്കളഞ്ഞു അല്ലേ..?!"

കോവിഡ് കാലമായതിനാൽ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചതായി രമണന്‍ പറയുന്നു. ലൈസൻസില്ലാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇൻഷുറൻസില്ലാത്തതിനും ഫൈൻ അടപ്പിച്ച ശേഷം വാഹനം വിട്ടുനല്‍കാനാണ് തീരുമാനം. 

"ഏകദേശം പതിനയ്യായിരം രൂപയോളം പിഴ അടയ്ക്കാനുള്ള വകുപ്പാണുള്ളത്.. അയാളൊരു പെയിന്‍റിംഗ് തൊഴിലാളിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമമമൊക്കെയുണ്ട്.. പക്ഷേ എന്തുചെയ്യാന്‍ പറ്റും..?! വലിയൊരു ദുരന്തത്തില്‍ നിന്ന് ആ ചെറുപ്പക്കാരനെ രക്ഷിച്ചല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണ് ഞാന്‍.. ദയവ് ചെയ്‍ത് ഇത്തരം അപകടം പിടിച്ച വാഹനം ഓടിക്കലുകളില്‍ നിന്ന് നിയമലംഘനങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നാണ് ആഗ്രഹം.."  ആര്‍ രമണന്‍ പറയുന്നു.

click me!