സ്വന്തം മണ്ണില്‍ രക്ഷയില്ലാതെ ഇന്ത്യന്‍ വണ്ടിക്കമ്പനികള്‍, ഒടുവിലെത്തിയ ചൈനക്ക് പോലും വമ്പന്‍ നേട്ടം!

By Web TeamFirst Published Feb 23, 2020, 4:00 PM IST
Highlights

രാജ്യത്തെ വാഹനവിപണി ജാപ്പനീസ് ബ്രാന്‍ഡുകളുടെ കീഴില്‍ത്തന്നെ തുടരുന്നു. മാത്രമല്ല ജാപ്പനീസ് കമ്പനികളുടെ  വിപണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട്. 

രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍.  നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത് 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള ആദ്യ പത്ത് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഈ വര്‍ദ്ധനവ്.

ഏറെക്കാലമായി മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട, നിസാന്‍ എന്നീ ജാപ്പനീസ് ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍  ആധിപത്യം പുലര്‍ത്തുന്നത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഈ നാല് വാഹന നിര്‍മാതാക്കളും ചേര്‍ന്ന് ആകെ 9,96,735 വാഹനങ്ങളാണ് വിറ്റത്. വിപണി വിഹിതം 51.12 ശതമാനം. 

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ (2019 ഏപ്രില്‍-2020 ജനുവരി) ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ 14,09,614 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. അതായത് പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയത് 59.21 ശതമാനം വിഹിതം. 

അതേസമയം ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതം പകുതിയോളം കുറഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഫോഴ്‌സ് മോട്ടോഴ്‌സ് എന്നീ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ വിപണി വിഹിതം പകുതിയോളം നഷ്ടപ്പെട്ടു. 

2010 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡുകള്‍ ആകെ 4,59,447 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ നേടിയ വിഹിതം 23.56 ശതമാനം. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് 2,93,704 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. വിപണി വിഹിതം 12.34 ശതമാനമായി കുത്തനെ ഇടിഞ്ഞു.

എന്നാല്‍ ദക്ഷിണ കൊറിയന്‍ കമ്പനികളുടെ വിപണി വിഹിതം 3.98 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഹ്യുണ്ടായി എന്ന ഒരേയൊരു ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് മാത്രമാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉണ്ടായിരുന്നത്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 16.15 ശതമാനമായിരുന്നു ഇന്ത്യയില്‍ അവരുടെ വിപണി വിഹിതം. ഹ്യുണ്ടായുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് കൂടി വന്നതോടെ കൊറിയന്‍ ബ്രാന്‍ഡുകളുടെ ഇവിടുത്തെ ആകെ വിപണി വിഹിതം 20.13 ശതമാനമായി ഉയര്‍ന്നു. 

2019 ഓഗസ്റ്റിലാണ് കിയ സെല്‍റ്റോസ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. 2020 ജനുവരി വരെ 60,226 യൂണിറ്റ് സെല്‍റ്റോസ് എസ്‌യുവി വില്‍ക്കാന്‍ കിയ മോട്ടോഴ്‌സിന് സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ആകെ 4,18,999 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് വിറ്റത്.

അടുത്തകാലത്ത് മാത്രം എത്തിയ ചൈനീസ് വണ്ടിക്കമ്പനികള്‍ക്കും ഇന്ത്യയില്‍ നല്ലകാലമാണെന്നതാണ് റിപ്പോര്‍ട്ടുകള്‍. 2020 ജനുവരി വരെയുള്ള സിയാം കണക്കനുസരിച്ച് ഇന്ത്യന്‍ വാഹന വിപണിയിലെ ചൈനീസ് പ്രാതിനിധ്യം 0.80 ശതമാനം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് കാര്‍ കമ്പനികളോടുള്ള ഇന്ത്യക്കാരുടെ പ്രിയം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. മറ്റ് രണ്ട് ചൈനീസ് ബ്രാന്‍ഡുകള്‍ കൂടി ഇന്ത്യയിലെത്തുന്നതോടെ വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം ഗണ്യമായി വര്‍ധിച്ചേക്കും. 

അതേസമയം 2010 സാമ്പത്തിക വര്‍ഷത്തില്‍ യൂറോപ്യന്‍ കാര്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം വെറും 2.80 ശതമാനം മാത്രമായിരുന്നു എങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അത് 5.18 ശതമാനമായി വര്‍ധിച്ചു. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ ആകെ 1,23,219 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. ഔഡി, ബിഎംഡബ്ല്യു, മെഴ്‌സേഡസ് ബെന്‍സ്, ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍, വോള്‍വോ, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ കമ്പനികളാണ് ഇവ. 

അമേരിക്കന്‍ കമ്പനികളായ ഫോഡും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് 2010 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,23,980 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റിരുന്നു. വിപണി വിഹിതം 6.36 ശതമാനം. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അവശേഷിക്കുന്ന ഫോഡിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ കാലയളവില്‍ 55,877 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. അതായത് വിപണി വിഹിതം 2.35 ശതമാനമായി ചുരുങ്ങി എന്നാണ് കണക്കുകള്‍.

click me!