ജാവ 'മുത്തച്ഛന്' വയസ് 90 തികഞ്ഞു, ആഘോഷം പൊടിപൊടിക്കാന്‍ സ്‍പെഷ്യല്‍ 'പേരക്കുട്ടികളും'!

By Web TeamFirst Published Oct 10, 2019, 8:29 PM IST
Highlights

കമ്പനിയുടെ 90 ആം വാര്‍ഷികം. സ്പെഷ്യല്‍ എഡിഷനുമായി ജാവ

90 ആനിവേഴ്സറി എഡിഷന്‍ ബൈക്കുകള്‍ അവതരിപ്പിച്ച് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ. കമ്പനിയുടെ 90 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ചെക്ക് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. 

1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്. ജാവ 500 ഒഎച്ച്‍വി എന്ന വാഹനമാണ് 1929-ല്‍ ജാവ ആദ്യമായി പുറത്തിറക്കിയത്. 

മുംബൈയില്‍ ഇറാനി കമ്പനിയും ഡല്‍ഹിയില്‍ ഭഗവന്‍ദാസുമായിരുന്നു ഈ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്‍തിരുന്നത്. എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയും വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്‍തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങി. 1996 ലാണ് ഐഡിയല്‍ ജാവ കമ്പനി അടച്ചു പൂട്ടുന്നത്. തുടര്‍ന്ന് 2018 നവംബറിലാണ് പുതിയ ജാവയെ മഹീന്ദ്ര ഇന്ത്യയില്‍ തിരികെയെത്തിക്കുന്നത്. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്‍സാണ് 22 വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ ജാവയെ വീണ്ടും ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. അങ്ങനെ വീണ്ടും നിരത്തിലെ താരമായി മാറി ജാവ. ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 

സ്പെഷ്യല്‍ എഡിഷന് റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണുള്ളത്. പഴയ 500 ഒഎച്ച്‍വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറമാണ് വാഹനത്തിന്. റെഡ്-ഐവറി നിറങ്ങളിലുള്ള പെട്രോള്‍ ടാങ്കില്‍ 90-ാമത് ആനിവേഴ്‍സറി ബാഡ്‍ജിങ്ങുമുണ്ട്. ഫ്യുവല്‍ ടാങ്കിലെ എംബ്ലത്തിനൊപ്പം ഓരോ വാഹനത്തിനും പ്രത്യേകം സീരിയല്‍ നമ്പറും നല്‍കിയിട്ടുണ്ട്. 

റെഗുലര്‍ ജാവയിലേത് തന്നെയാണ് എന്‍ജിനും മറ്റു ഫീച്ചറുകളുമെല്ലാം. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 1.73 ലക്ഷം രൂപയാണ് ആനിവേഴ്സറി എഡിഷന്റെ ദില്ലി എക്സ്ഷോറൂം വില. 

click me!