ഇന്ത്യയ്ക്കുള്ള സ്‍നേഹസമ്മാനം ഉടമകള്‍ക്ക് കൈമാറി ജീപ്പ്

By Web TeamFirst Published Aug 9, 2020, 3:28 PM IST
Highlights

ഇപ്പോള്‍ ഈ മോഡല്‍ ഉടമകള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ ജനപ്രിയ വാഹനം ജീപ്പ് കോംപസിന്‍റെ നൈറ്റ് ഈഗിള്‍ എഡിഷനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ തങ്ങളുടെ സാന്നിധ്യത്തിന് മൂന്ന് വയസ് തികയുമ്പോൾ ജനപ്രിയ കോംപസിന് രാജ്യം നല്‍കിയ വിജയത്തിന് കമ്പനിയുടെ സമ്മാനമായിരുന്നു ഇത്. ഇപ്പോള്‍ ഈ മോഡല്‍ ഉടമകള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി.

ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൊതിഞ്ഞിരിക്കുന്ന ഘടകങ്ങളാണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ പ്രത്യേകത. പുതുതായി അവതരിപ്പിക്കുന്ന ലോഞ്ചിട്യൂഡ് പ്ലസ് വേരിയന്റ് അടിസ്ഥാനമായി പുറത്തിറക്കിയ കോംപസ് നൈറ്റ് ഈഗിൾ എഡിഷന്റെ 250 യൂണിറ്റുകൾ മാത്രമാണ് വിപണിയില്‍ എത്തുക.

1.4 ലിറ്റർ പെട്രോൾ 4x2 AT-യ്ക്ക് Rs 20.14 ലക്ഷം, 2.0 ലിറ്റർ ഡീസൽ 4x2 MT-യ്ക്ക് Rs 20.75 ലക്ഷം, 2.0 ലിറ്റർ ഡീസൽ 4x4 AT-യ്ക്ക് Rs 23.31 ലക്ഷം എന്നിങ്ങനെയാണ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷന്റെ എക്‌സ്-ഷോറൂം വില. വോക്കൽ വൈറ്റ്, എക്‌സോട്ടിക്ക റെഡ്, ബ്രില്ലിയന്റ് ബ്ലാക്ക്, മാഗ്നേഷ്യോ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിലാണ് നൈറ്റ് ഈഗിൾ എഡിഷൻ ഇന്ത്യയിൽ വിപണിയില്‍ എത്തിയിരിക്കുന്നത്.

റഗുലര്‍ കോംപസിലെ 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനിലും 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിനിലും തന്നെയാണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷനും എത്തുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസൽ എൻജിനൊപ്പമുള്ള ഗിയർബോക്സുകൾ.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.  മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ കോംപസ് എസ്‌യുവിയുടെ ഇന്ത്യയിലെ വിൽപ്പന ഇപ്പോള്‍ 44,630 യൂണിറ്റ് കടന്നിരിക്കുകയാണ്.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. 

click me!