ഓണ്‍ലൈന്‍ വില്‍പ്പനയുമായി ജീപ്പും

By Web TeamFirst Published May 1, 2020, 2:04 PM IST
Highlights

അമേരിക്കാന്‍ നിര്‍മ്മാതാക്കളായ ജീപ്പും ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് 

ലോക്ക് ഡൌണ്‍ കാലത്ത് ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പും. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ കോംപസിന്റെ വില്‍പ്പനയാണ് കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ www.bookmyjeep.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ പേരും, ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പര്‍, തുടങ്ങി ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ നല്‍കുക. മോഡലിന്റെ കളര്‍, എഞ്ചിന്‍ തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഇതിനൊപ്പം ഉണ്ട്. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില. 

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. 

click me!