എല്ലാ മോഡലുകളും ഇലക്ട്രിക് ആക്കാനൊരുങ്ങി ജീപ്പ്

By Web TeamFirst Published Dec 30, 2019, 11:16 PM IST
Highlights

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 2022 ഓടെ ലോകമെമ്പാടും എല്ലാ ജീപ്പ് വാഹനങ്ങളും സീറോ ടെയിൽ‌പൈപ്പ് എമിഷനുകളോടെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

2022 ഓടെ മുഴുവന്‍ മോഡലുകളും വൈദ്യുതീകരിക്കാനൊരുങ്ങി ഐക്കണിക് വാഹന ബ്രാന്‍ഡായ ജീപ്പ്. ജീപ്പിന്‍റെ നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് കമ്പനി സിഇഒ ക്രിസ്റ്റ്യൻ മ്യൂനിയർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോംപസ്, റെനെഗേഡ്, റാങ്ക്ലർ എസ്‌യുവികൾ അടുത്ത വർഷം PHEV സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്‍കരിക്കുമെന്നും തുടര്‍ന്ന് ഉടൻ തന്നെ പൂർണ്ണ ഇലക്ട്രിക് പവർ ട്രെയിനുകളിലേക്കുള്ള പരിവർത്തനവും നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2022 ഓടെ ലോകമെമ്പാടും എല്ലാ ജീപ്പ് വാഹനങ്ങളും സീറോ ടെയിൽ‌പൈപ്പ് എമിഷനുകളോടെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ പിന്തുടർന്ന് 450 കിലോമീറ്ററിൽ കൂടുതൽ പെട്രോൾ എഞ്ചിനിൽ സഞ്ചരിക്കാനും ഇലക്ട്രിക് മോട്ടോറുകളിൽ മാത്രം 50 കിലോമീറ്റർ സഞ്ചരിക്കാനും പുതിയ ജീപ്പിന് കഴിയും.

കോംപസും റെനെഗേഡുമാവും ആദ്യം PHEV സാങ്കേതികവിദ്യ ലഭിക്കുന്ന വാഹനങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഓഫ്-റോഡിംഗ് എസ്‌യുവികളും 1.3 ലിറ്റർ ടർബോചാർജ്‍ഡ് എഞ്ചിൻ ഉപയോഗിക്കുന്നു. ഇലക്ട്രിക് മോട്ടോറുകൾ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. പെട്രോൾ എഞ്ചിൻ മുൻ വീലുകൾക്ക് കരുത്ത് പകരുമ്പോൾ, പിന്നിലെ വീലുകളിൽ ഇലക്ട്രിക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പൂർണ്ണ ഇലക്ട്രിക് പതിപ്പുകൾ അടുത്ത വർഷം അവതരിപ്പിച്ചേക്കാം.

2019 ൽ ജീപ്പിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന ഒരു ദശലക്ഷത്തിലധികം യൂണിറ്റ് കവിഞ്ഞിരുന്നു. അതായത് ഒരു പതിറ്റാണ്ട് മുമ്പ് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി കൂടുതല്‍ വില്‍പ്പന. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്.

2020ന്‍റെ പകുതിയോടെ ഇന്ത്യയിൽ കോംപസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറക്കാൻ ജീപ്പ് തയ്യാറെടുക്കുകയാണ് കമ്പനി. അതോടൊപ്പം സമീപ ഭാവിയിൽ PHEV പതിപ്പും എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!