AK47 : കിടിലന്‍ വണ്ടിയുമായി വിഖ്യാത റഷ്യന്‍ തോക്ക് കമ്പനി; ഉന്നം ഈ രാജ്യങ്ങളിലെ വണ്ടിക്കമ്പനികള്‍!

By Web TeamFirst Published Nov 23, 2021, 9:35 AM IST
Highlights

ലോകത്തിലെ ഏറ്റവും മാരക ശേഷിയുള്ള റൈഫുളുകളായ ഏ കെ 47 തോക്കുകള്‍ ഉണ്ടാക്കുന്ന കമ്പനി വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നു

ലാഷ്‌നിക്കോവ് (Kalashnikov) എന്ന തോക്ക് നിര്‍മ്മാണ കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലേ? കലാഷ്‍നിക്കോവ് എന്നു കേട്ടിട്ടില്ലാത്തവര്‍ പോലും AK-47 എന്ന പേര് ഉറപ്പായും കേട്ടിരിക്കും. റഷ്യക്കാരായ (Russia) കലാഷ്‌നിക്കോവ് കമ്പനി ഉണ്ടാക്കിയ തോക്ക് മോഡലാണ് AK-47 തോക്കുകള്‍. ലോകത്തിലെ ഏറ്റവും മാരകമായ, ആക്രമണ ശേഷിയുള്ള റൈഫിളുകള്‍ ആണ് AK-47. എന്നാല്‍ ഈ കലാഷ്‍നിക്കോവ് കമ്പനി കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്തെ സജീവചര്‍ച്ചാ വിഷയമാണ്. കാരണം ആയുധ നിര്‍മ്മാണത്തില്‍ നിന്നും വാഹന നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് കഴിഞ്ഞകുറച്ചുകാലമായി കലാഷ്‌നിക്കോവ്. 

2018 മുതൽ ഇലക്ട്രിക് മൊബിലിറ്റിയുടെ ലോകത്ത് റഷ്യൻ കമ്പനിക്ക് താൽപ്പര്യമുണ്ട്.  ആദ്യം ഇലക്ട്രിക്ക് മോട്ടര്‍ സൈക്കിളുകളും ഇലക്ട്രിക് സിവി -1 എന്ന കൺസെപ്റ്റുമാണ് കമ്പനി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരു ഫോര്‍ ഡോര്‍ ഇലക്ട്രിക്ക് വാഹനത്തിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കലാഷ്‌നിക്കോവ് ഇഷ് യുവി -4 എന്ന ഫോർ-ഡോർ ഇവി പ്രോട്ടോടൈപ്പ് രൂപത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി വെളിപ്പെടുത്തിയതായും UV-4 ന് വേണ്ടി റഷ്യയിൽ കലാഷ്‌നിക്കോവ് പേറ്റന്റ് അപേക്ഷ സമർപ്പിച്ചതായും റഷ്യയിലെ പ്രാദേശിക റിപ്പോർട്ടുകളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

3.4 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമുണ്ട് കലാഷ്‍നികോവ് യുവി-4 ന്. ഏകദേശം 150 കിലോമീറ്റർ ദൂരമുള്ള ഒരു നഗര യാത്രാ ഓപ്ഷനായിരിക്കും ഈ വാഹനം. UV-4-ന് സമാനമായ ബാഹ്യ ഹൈലൈറ്റുകളുള്ള ഒരു ഇലക്ട്രിക് ത്രീ-വീലറും പ്രവർത്തിക്കുന്നു, പക്ഷേ ഏതെങ്കിലും വാതിലുകളിൽ കുറവുണ്ടാകാം. ബാറ്ററിയുടെയും റേഞ്ചിന്റെയും വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.

ലോകത്തെ വാഹന വ്യവസായം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുുകയാണ്. ഈ പ്രവണത ഇപ്പോൾ നിരവധി പുതിയ വണ്ടിക്കമ്പനികളുടെ വിപണി പ്രവേശനത്തിന് സാക്ഷ്യം വഹിക്കുന്നു. വാഹന നിര്‍മ്മാണത്തില്‍ മുൻ പരിചയം ഇല്ലാത്ത പല കമ്പനികളും ഇതേ പാതയിലാണ്. ഗൂഗിൾ, ആപ്പിൾ, ഷവോമി, ഹുവായ് തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്ക് ചുവടുവച്ചിരിക്കുന്നു. ഇവയ്ക്കിടയില്‍ വ്യക്തമായ ഇടം കണ്ടെത്തുകയാണ് കലാഷ്‍നിക്കോവിന്‍റെ ലക്ഷ്യം. എന്തായാലും ഇലക്ട്രിക്ക് വാഹനലോകത്തേക്ക് ചുവടുവയ്ക്കുന്ന ആദ്യത്തെ പ്രതിരോധ ഉപകരണ നിർമാണ കമ്പനിയായിരിക്കും കലാഷ്‌നിക്കോവ് എന്നുറപ്പ്.

നിലവിൽ അമേരിക്കയും ടെസ്‌ല, യൂറോപ്യൻ ബ്രാൻഡുകളായ മെഴ്‌സിഡസ്, ഫോക്‌സ്‌വാഗൺ, റെനോ, ദക്ഷിണ കൊറിയയുടെ ഹ്യൂണ്ടായി, കൂടാതെ നിരവധി പ്രാദേശിക ചൈനീസ് കമ്പനികൾ തുടങ്ങിയവര്‍ ആധിപത്യം പുലർത്തുന്ന വ്യവസായമാണ് ഇലക്ട്രിക് വാഹന ലോകം. ഇവിടെ റഷ്യയുടെ നെടുംതൂണായി മാറാനാണ് കലാഷ്‌നിക്കോവ് യുവി-4 ന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. അതേസമയം UV-4 ന്‍റെ ഉല്‍പ്പാദനം എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമല്ല. എന്തായാലും കലാഷ്‌നിക്കോവ് ഉന്നത്തെ ലക്ഷ്യം വച്ചുകഴിഞ്ഞു, ഏതുനിമിഷവും ആ 'തോക്ക്' ശബ്‍ദിച്ചേക്കാം. 

click me!