കല്ലടയില്‍ ലോട്ടറിയടിച്ച് സര്‍ക്കാരും യാത്രികരും!

By Web TeamFirst Published May 18, 2019, 4:06 PM IST
Highlights

കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന വാഹന പരിശോധനകള്‍ സര്‍ക്കാരിന് ലാഭവും യാത്രികര്‍ക്ക് സന്തോഷവും സമ്മാനിക്കുന്നതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

തിരുവനന്തപുരം: സുരേഷ് കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന വാഹന പരിശോധനകള്‍ സര്‍ക്കാരിന് ലാഭവും യാത്രികര്‍ക്ക് സന്തോഷവും സമ്മാനിക്കുന്നതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന നടപടികളുമായി നീങ്ങുകയാണ് ഗതാഗതവകുപ്പ‌്.  കര്‍ശനമായ പരിശോധനയില്‍ നിയമം ലംഘിച്ച് ഓടുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് ഇതുവരെ പിഴയായി ഈടാക്കിയത് 1.32 കോടി രൂപയോളമാണ്. ഏപ്രില്‍ 24 ന് തുടങ്ങിയ പരിശോധനയില്‍ വെറും 20 ദിവസം കൊണ്ടാണ് ഇത്രയും തുക ഖജനാവിന് മുതല്‍ക്കൂട്ടായത്.

പരിശോധന ശക്തമാക്കിയതോടെ ബസ് ജീവനക്കാര്‍ നല്ല രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്നതാണ് യാത്രക്കാരുടെ സന്തോഷം. ഇപ്പോള്‍ കാര്യമായ പരാതികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിവരം. 

നിയമലംഘകരായ 150 ഓളം ബസുകള്‍ ഓരോ ദിവസവും പിടിയിലാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്റ്റേജ് ക്യാരേജായി പ്രത്യേകം ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സംസ്ഥാനത്തേക്കുള്ള അനധികൃത പാഴ്സല്‍കടത്ത് പൂര്‍ണമായും നിലച്ചെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാഴ്സലുകള്‍ കേരള അതിര്‍ത്തിക്ക് പുറത്ത് ഇറക്കിയും ഇവിടുന്നുള്ളവ അതിര്‍ത്തിയിലെത്തിച്ചും കടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ബസ് സർവീസ‌് അപേക്ഷകർക്ക‌് പൊലീസ‌് ക്ലിയറൻസ‌് സർട്ടിഫിക്കറ്റ‌ും നിർബന്ധമാക്കിയിട്ടുണ്ട്. കെഎസ‌്ആർടിസി, സ്വകാര്യ ബസ‌്സ്‌റ്റാൻഡുകളുടെ 500 മീറ്റർ പരിധിയിൽ ബുക്കിങ‌് ഓഫീസോ പാർക്കിങ്ങോ പാടില്ല. സർവീസ‌് നടത്താൻ ആവശ്യമായ സാമ്പത്തിക പശ്ചാത്തലം ഏജൻസിക്ക‌് ഉണ്ടോയെന്നും പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത‌്. മൂന്നുമാസത്തിലൊരിക്കൽ സർവീസ് വിവരങ്ങൾ ആർടിഒക്ക‌് നല്‍കണമെന്നും ഉത്തരവുണ്ട്. 
 

click me!