കേരളത്തിന്‍റെ സ്വന്തം ഓട്ടോക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി!

By Web TeamFirst Published Jun 21, 2019, 4:22 PM IST
Highlights

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള  കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി. 

തിരുവനന്തപുരം: ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി. 

കേരളാ നീം ജി എന്ന പേരിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡിന് (കെഎഎൽ) കേന്ദ്രാനുമതി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ–ഓട്ടോ നിർമാണത്തിനുള്ള യോഗ്യത സ്വന്തമാക്കുന്നത്. 

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുനെയിലെ ദി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ)യിൽ ആണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്. 

കാഴ്‍ചയില്‍ സാധാരണ ഓട്ടോറിക്ഷയുടെ രൂപം തന്നെയാകും നീം ജിക്കും.  ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവെന്നതാണ് ഈ ഓട്ടോയുടെ ഹൈലൈറ്റ്. 

ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി  മോട്ടോറുമാണ് ഓട്ടോയുടെ ഹൃദയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം. സാധാരണ ത്രീ പിന്‍ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീച്ചാര്‍ജ് ചെയ്യാം. 

ശബ്ദമലിനീകരവണവും കാര്‍ബണ്‍ മലിനീകരണവും കുറവായിരിക്കുമെന്നതാണ് ഈ ഓട്ടോയുടെ ഒരു പ്രത്യേകത. കുലുക്കവും തീരെ കുറവായിരിക്കും. അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. സെപ്‍തംബറില്‍ ഈ ഓട്ടോറിക്ഷ വിപണിയില്‍ അവതരിപ്പിക്കും.

കെഎഎല്ലിന്‍റെ നെയ്യാറ്റിന്‍കരയിലെ പ്ലാന്‍റില്‍ നിന്നും 15000 ഇ ഓട്ടോകൾ ഒരു വർഷത്തിനുള്ളില്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഏകദേശം 2 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് ഓട്ടോയുടെ പ്രതീക്ഷിക്കുന്ന വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!