ഡ്രൈവിംഗ് ലൈസന്‍സ് പോയാല്‍ ഇനി കീശകീറും, ഫീസ് കുത്തനെ കൂട്ടി!

By Web TeamFirst Published Dec 22, 2020, 1:26 PM IST
Highlights

സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിപ്പിച്ചു. 500 രൂപയില്‍ നിന്നും 1000 ആക്കി ഫീസ് ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപയും നല്‍കണം. അതായത് ഇനിമുതല്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാന്‍  1260 രൂപയോളം ചെലവു വരും. 

പല കാരണങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനായി അപേക്ഷിക്കാറുണ്ട്. അതേസമയം സ്‍മാര്‍ട്ട്കാര്‍ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. 

കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. 

അതേസമയം സ്‍മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കുന്ന, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനം ഇതുവരെ യാതാര്‍ത്ഥ്യമായിട്ടില്ല. അടുത്ത വര്‍ഷത്തോടെ ഇത് നിലവില്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!