ആ ബസുകളെയും തൊഴിലാളികളെയും തിരികെയെത്തിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

Web Desk   | Asianet News
Published : May 24, 2021, 04:20 PM ISTUpdated : May 24, 2021, 04:23 PM IST
ആ ബസുകളെയും തൊഴിലാളികളെയും തിരികെയെത്തിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

Synopsis

കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയി തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ഇതര സംസ്ഥാനങ്ങളിലേക്കു പോയി തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മോട്ടോര്‍വാഹന വകുപ്പ്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും  ബന്ധപ്പെടുകയും അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‍തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 

അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുമായി പോയി ലോക് ഡൗൺ മൂലം അവിടെ കുടുങ്ങുകയായിരുന്നു ബസുകളും തൊഴിലാളികളും. ഈ വാഹനങ്ങൾക്ക് തിരിച്ച് വരുന്നതിന് ആവശ്യമായ സെപ്ഷ്യൽ പെർമിറ്റ്  ഓൺലൈനായി  എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പല ബസ് ഉടമകളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഈ വാഹന ഉടമകളുമായി നിരന്തര സമ്പർക്കത്തിലാണെന്നും ആര്‍ടിഒ ഉദ്യോഗസ്ഥർ അറിയിച്ചു. 

തിരികെ കേരളത്തിലേക്കു മടങ്ങാനാകാതെ അസമില്‍ കേരളത്തില്‍ നിന്നുമുള്ള 400ൽ അധികം സ്വകാര്യ ബസുകളും ഇതിലെ തൊഴിലാളികളും ആഴ്‍ചയോളമായി കുടുങ്ങിക്കിടക്കുന്ന വിവരം യൂടൂബ് വ്ളോഗേഴ്‍സ് ആയ E BULL JET ആണ് ആദ്യം പുറത്തുവിട്ടത്. ബസ് ജീവനക്കാരെ ഏജന്‍റുമാർ കമ്പളിപ്പിച്ചെന്നും ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ ജീവനക്കാരെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അസമില്‍ കുടുങ്ങിക്കിടക്കുന്ന ബസ് തൊഴിലാളികളില്‍ നിന്നും ഗുണ്ടകളെ ഉപയോഗിച്ച് പണം തട്ടുന്നതായും  E BULL JET യൂട്യൂബേഴ്‍സ് ആരോപിച്ചിരുന്നു. ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നും ദിവസ വാടക കൊടുത്താണ് ബസുകള്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്നതെന്നും ഇവിടെ നിന്ന് പുറത്തു കടക്കണമെങ്കില്‍ വലിയ തുക ഗുണ്ടാപ്പിരിവ് നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ ചില ട്രാവല്‍സുകളും ബസ് ഉടമകളും തന്നെയാണ് അസമിലെ തദ്ദേശവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഗുണ്ടാപ്പിരിവിന് പിന്നിലെന്നും  E BULL JET യൂടൂബേഴ്‍സ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് E BULL JET പുറത്തുവിട്ട വീഡിയോകള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

 മോട്ടോര്‍വാഹന വകുപ്പിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
*അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് വാഹന ഡ്രൈവർമാർക്ക് ആവശ്യമായ സഹായം ഏർപ്പെടുത്തി.* 
👉അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുമായി പോയി ലോക് ഡൗൺ മൂലം അവിടെ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. 
ഗതാഗത സെക്രട്ടറി ശ്രീ ബിജു പ്രഭാകർ ഐ എ എസ് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും  ബന്ധപ്പെടുകയും അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 
പ്രസ്തുത വാഹനങ്ങൾക്ക് തിരിച്ച് വരുന്നതിന് ആവശ്യമായ സെപ്ഷ്യൽ പെർമിറ്റ്  ഓൺലൈനായി  എടുക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്, ഈ സൗകര്യം പല ബസ് ഉടമകളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
RTO ഉദ്യോഗസ്ഥർ പ്രസ്തുത വാഹന ഉടമകളുമായി നിരന്തര സമ്പർക്കത്തിലാണ്. എല്ലാ ആർ.ടി. ഓഫീസിലും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഈ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതാത് ജില്ലയിലെ വാഹന ഉടമകൾക്ക് /ജീവനക്കാർക്ക്  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ട് പെർമിറ്റ്‌ സംബന്ധിയായ സഹായം തേടാവുന്നതാണ്. സംസ്ഥാന തലത്തിൽ പ്രസ്തുത പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ. പ്രമോജ്‌ ശങ്കർ IOFS നെ ചുമതലപ്പെടുത്തിയതായി ടാൻസ്പോർട്ട് കമ്മീഷണർ ശ്രീ.എം.പി. അജിത് കുമാർ ഐ പി എസ് അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?