
വ്‌ളോഗര്‍മാരുടെ വാഹന നിയമലംഘന വീഡിയോകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പെന്നാണ് റിപ്പോര്‍ട്ടുകൾ. സഞ്ജു ടെക്കി എന്ന വ്ലോഗറുടെ നിയമലംഘന സംഭവത്തിൽ ഹൈക്കോടതി കർശനമായി ഇടപെട്ടതോടെയാണ് ഈ നീക്കം. വ്ലോഗർമാരുടെ നിയമലംഘന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് കേന്ദ്രം അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് നടപടിയെടുത്തതിന്‍റെപേരിൽ വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്‌ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. വ്ളോഗർമാർ അപ്‌ലോഡ് ചെയ്ത ചട്ടവിരുദ്ധ വീഡിയോകൾ നീക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ യൂട്യൂബ് വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച് ശക്തമായ നടപടികൾക്കാണ് എംവിഡി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ എംവിഡി കണ്ടെത്തി. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയെന്നും ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
സഞ്ജു ടെക്കിയുടെ യൂട്യൂബ് ചാനലിന് 15 ലക്ഷത്തിലകം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. 812 വീഡിയോകളാണ് ഇതില്‍ പോസ്റ്റ് ചെയ്‍തിരിരിക്കുന്നതെന്നാണ് രിപ്പോര്‍ട്ടുകൾ.
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും.നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം.വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.