ശബരിമലയിൽ കൂട്ടംതെറ്റി കുഞ്ഞുമാളികപ്പുറം, രക്ഷകരായത് എംവിഡി, നെഞ്ചും കണ്ണും നിറഞ്ഞ് കുടുംബം!

Published : Nov 24, 2023, 11:14 AM IST
ശബരിമലയിൽ കൂട്ടംതെറ്റി കുഞ്ഞുമാളികപ്പുറം, രക്ഷകരായത് എംവിഡി, നെഞ്ചും കണ്ണും നിറഞ്ഞ് കുടുംബം!

Synopsis

കുട്ടിയെയും വാരിയെടുത്ത് തോളിൽ ഇട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്വന്തം വാഹനത്തിൽ കുട്ടിയെ സുരക്ഷിതയായി പമ്പയിൽ ബന്ധുക്കളെ ഏൽപ്പിച്ചു. 

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കാരണം ശബരിമല തീർത്ഥാടനത്തിന് എത്തിയ ഒൻപതുകാരി മാളികപ്പുറത്തിനെ രക്ഷിതാക്കൾക്ക് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം പമ്പയിലാണ് സംഭവം. തമിഴ് നാട്ടിൽനിന്നും ശബരിമല ദർശനത്തിന് എത്തിയ നാലാം ക്ലാസുകാരി ഭവ്യയെയാണ് ബന്ധുക്കൾക്ക് നഷ്‍ടപ്പെടുമായിരുന്നത്. 

ശബരിമല ദർശനത്തിന് എത്തിയ ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ എത്തിയ തമിഴ് തീർത്ഥാടക സംഘത്തിലെ  കുഞ്ഞു മാളികപ്പുറം ബസിൽ  ഉറങ്ങുന്നത് അറിയാതെ ഒപ്പമുള്ളവർ പമ്പയിൽ ഇറങ്ങി. തമിഴ്‌നാട്ടില്‍നിന്ന് ദര്‍ശനത്തിന് വന്ന നാലാം ക്ലാസില്‍ പഠിക്കുന്ന ഭവ്യയെയാണ് കാണാതായത്. പിതാവിനും മുത്തശിക്കും ഒപ്പം അയ്യനെ കാണാൻ എത്തിയതായിരുന്നു കുട്ടി. ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് ഇവർ പമ്പയില്‍ എത്തിയത്. പമ്പയിൽ ബസ് നിര്‍ത്തിയപ്പോള്‍ പിതാവും മുത്തശിയും ഇറങ്ങി. വാഹനം വിട്ട് പോയതിനുശേഷമാണ് തങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞത്. കൂടെ വന്നവര്‍ക്കൊപ്പം കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. പരിഭ്രാന്തരായ ഇവര്‍ പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക ഓടി.  ഇവിടെ നിന്ന് ഉടന്‍ തന്നെ വയര്‍ലസ് സന്ദേശം വിവിധ സ്ഥലങ്ങളിലേക്ക് നൽകി. അപ്പോഴേക്കും ബസ് പമ്പയിൽ നിന്നും നിലക്കലിലേക്ക് പുറപ്പെട്ടിരുന്നു. 

കുട്ടിയെ നഷ്‍ടപ്പെട്ട വിവരം വയർലെസിലൂടെ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിലെ എ എം വിമാരായ ജി അനിൽകുമാറും ആർ രാജേഷും കേട്ടു. ഇവർ ഉടൻ തന്നെ അട്ടത്തോട് വച്ച് സംശയം തോന്നി ബസ് തടഞ്ഞു. ഡ്രൈവറോടും കണ്ടക്ടറോടും ചോദിച്ചപ്പോള്‍ ബസില്‍ ആരുമില്ലെന്നും എല്ലാവരും പമ്പയില്‍ ഇറങ്ങിയെന്നുമായിരുന്നു മറുപടി. എന്നാൽ ബസ് കണ്ടെത്തിയ സ്ഥിതിക്ക് തങ്ങള്‍ക്ക് പരിശോധിക്കണം എന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അകത്തു കയറി പരിശോധിച്ചു. ബസിന്റെ ഏറ്റവും പിന്നിലായുള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുകയായിരുന്നു ഈ സമയം കുട്ടി.  ബസിൽ കുട്ടി ഉറങ്ങുന്നുണ്ടെന്ന് വിവരം കണ്ടക്ടറും  ഡ്രൈവറും അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല എന്നും എംവിഡി ഉദ്യോഗസ്ഥർ പറയുന്നു.

കുട്ടിയെയും വാരിയെടുത്ത് തോളിൽ ഇട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്വന്തം വാഹനത്തിൽ കുട്ടിയെ സുരക്ഷിതയായി പമ്പയിൽ ബന്ധുക്കളെ ഏൽപ്പിച്ചു. ആറ്റിങ്ങല്‍ എഎംവിഐയാണ് ആര്‍ രാജേഷ്. കുന്നത്തൂര്‍ എഎംവിഐയാണ് ജി അനില്‍കുമാര്‍. ഇതോടെ ബന്ധുക്കൾക്കും പോലീസിനും ഏറെ നേരം ഉണ്ടായ ആശങ്ക അകലുക ആയിരുന്നു. കൂട്ടം തെറ്റുന്നവരെ കുറിച്ചുള്ള അറിയിപ്പുകൾ പമ്പയിലും സന്നിധാനത്തിലും നിരന്തരമായി ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുഞ്ഞിനെ തിരിച്ചേൽപ്പിച്ചപ്പോൾ അയ്യപ്പസ്വാമിയുടെ കരുണ പ്രത്യക്ഷത്തിൽ  അനുഭവിച്ചറിഞ്ഞ ആശ്വാസത്തിലായിരുന്നു കുടുംബം എന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ  എത്തുന്നവർ  സ്വന്തം കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കണമെന്നും സുരക്ഷിതമായ തീർത്ഥാടനമാകട്ടെ ലക്ഷ്യം എന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.

youtubevideo

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം