അപൂര്‍വ്വ സംഭവം; കോക്ക്പിറ്റില്‍ ഇടിച്ച യുവതിക്കെതിരെ പൈലറ്റ്, വിമാനത്തില്‍ കയറി പൊലീസ്!

By Web TeamFirst Published Oct 7, 2021, 12:27 PM IST
Highlights

വളരെ അപൂർവമായാണ് സംസ്ഥാന പോലീസ് വിമാനത്തിനുള്ളിൽ കയറി ഇത്തരത്തിലുള്ള തെളിവെടുപ്പു നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വിമാനത്താവളത്തില്‍ വിമാനം (Flight) റൺവേയിലിറങ്ങുമ്പോൾ സീറ്റ്‌ബെൽറ്റ്‌ (Seat Belt)അഴിച്ച് യാത്രക്കാരി കോക്ക്പിറ്റിലിടിച്ച് ബഹളംവച്ച സംഭവത്തിൽ തെളിവെടുപ്പുമായി പൊലീസ്. വിമാനത്തിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയത്. 2021 ഓഗസ്റ്റ് 31-ന് രാത്രിയിലായിരുന്നു കേസിനാസ്‍പദമായ സംഭവം. വളരെ അപൂർവമായാണ് സംസ്ഥാന പോലീസ് വിമാനത്തിനുള്ളിൽ കയറി ഇത്തരത്തിലുള്ള തെളിവെടുപ്പു നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരത്തിറങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരിയാണ് ബഹളം വച്ചത്. വിമാനം റണ്‍വേയിലേക്ക് ഇറങ്ങുന്നതിനിടെ ലഖ്‍നൌ സ്വദേശിനിയായ ശ്രേയ സിങ് എന്ന യാത്രക്കാരി ചാടി എഴുന്നേല്‍ക്കുകയും കോക്ക്‌പിറ്റിന്റെ വാതിലിൽ തുടരെ ഇടിക്കുകയുമായിരുന്നു. വിമാനം ഇറങ്ങുന്ന നേരമായതിനാൽ പെട്ടെന്നുള്ള ശബ്‍ദം പൈലറ്റിനെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ ഇറക്കി നിർത്തിയ ശേഷം പൈലറ്റ് എയർട്രാഫിക് കൺട്രോളിൽ തനിക്കുണ്ടായ ബുദ്ധിമുട്ടറിയിച്ചു. ഇവിടെനിന്ന് ടെർമിനൽ മാനേജരെയും വിവരം അറിയിച്ചു.

ഇതേത്തുടർന്ന് സി.ഐ.എസ്.എഫ്. കമാൻഡോകളടക്കമുള്ള ഉദ്യോഗസ്ഥരെത്തി യുവതിയെ തടഞ്ഞുവയ്ക്കുകയും പരിശോധനയ്ക്കു ശേഷം വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. മാനസികവിഭ്രാന്തിയെ തുടർന്നാണ് യുവതി ഇപ്രകാരം ചെയ്‍തതെന്നാണ് പോലീസിനു നൽകിയ മൊഴി. തുടർന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയച്ചു. വിമാന ജീവനക്കാരുടെയും പൈലറ്റിന്റെയും ജോലിക്കു തടസം വരുത്തിയതിനും വിമാനത്തിനുള്ളിൽ അപകടകരമായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുമാണ് എയർക്രാഫ്റ്റ് നിയമപ്രകാരം വലിയതുറ പോലീസ് കേസെടുത്തത്.

പൈലറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശംഖുംമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി വിമാനത്തിനുള്ളിൽ കയറി പരിശോധന നടത്തിയിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത വലിയതുറ പൊലീസും കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ കയറി തെളിവെടുപ്പു നടത്തി. വിമാനത്താവള അധികൃതരുടെ അനുമതിയോടെയായിരുന്നു തെളിവെടുപ്പ്.  യാത്രക്കാരി ഇരുന്ന സീറ്റ്, കോക്ക്പിറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ സ്ഥലം എന്നിവ പോലീസ് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.  
 

click me!