റോഡപകടങ്ങള്‍ കൂടുതലും ഈ സമയം, അമ്പരപ്പിക്കും വിവരങ്ങളുമായി പൊലീസ്!

By Web TeamFirst Published Jan 18, 2020, 9:46 AM IST
Highlights

കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

2019ൽ മാത്രം കേരളത്തിൽ 41151 റോഡ് അപകടങ്ങള്‍ നടന്നെന്നും ഇതിൽ 4408 പേർ മരണപ്പെടുകയും 32577 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും പൊലീസ് പറയുന്നു. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണെന്നും വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകളെന്നും പൊലീസ് വ്യക്തമാക്കുന്നു. 

2018നേക്കാള്‍ വർദ്ധനവാണ് 2019ല്‍ ഉണ്ടായിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണമെന്നും അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന് കാരണമെന്നുമാണ് പൊലീസിന്‍റെ വിലയിരുത്തല്‍. 

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 17103 പേർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 69183 പേർക്കെതിരെയും സിഗ്നലുകൾ ലംഘിച്ചു വാഹനമോടിച്ച 33280 പേർക്കെതിരെയും കഴിഞ്ഞ വർഷം കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ വർഷം കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 4408 ജീവനുകൾ

2019ൽ കേരളത്തിൽ 41151 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4408 പേർ മരണപ്പെടുകയും 32577 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 13382 പേർക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2018 വർഷത്തെക്കൽ വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 17103 പേർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 69183 പേർക്കെതിരെയും സിഗ്നലുകൾ ലംഘിച്ചു വാഹനമോടിച്ച 33280 പേർക്കെതിരെയും കഴിഞ്ഞ വർഷം കേസ് എടുത്തിട്ടുണ്ട്

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് . വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. (Statistics Based on the provisional data from State Crime Records Bureau)

മോട്ടോർ വാഹനനിയമ ലംഘനങ്ങൾ കർശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊർജിതമാക്കിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമമാണു കേരളപോലീസ് നടത്തുന്നത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നിദാന്തജാഗ്രത പാലിച്ചാൽ മാത്രമേ നമ്മുടെ നിരത്തുകൾ വീണ്ടും ചോരക്കളങ്ങൾ ആകാതിരിക്കൂ..

ഓർക്കാം നമുക്കായി കാത്തിരിക്കുന്നവരെ...
ശുഭയാത്ര സുരക്ഷിതയാത്ര

 

click me!