"ഒരു കണ്ണിറുക്കല്‍ മതി...!" പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

By Web TeamFirst Published Apr 6, 2019, 6:02 PM IST
Highlights

അഡാർ ലൌ എന്ന സിനിമയിലെ അടുത്തകാലത്ത് തരംഗമായ കണ്ണിറുക്കല്‍ രംഗത്തിനൊപ്പമാണ് പൊലീസിന്‍റെ പോസ്റ്റ്.

മുന്നില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും നിശ്ചിത അകലം പാലിച്ചു വേണം പിന്നില്‍ സഞ്ചരിക്കുന്നവര്‍ പോകാനെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കേരള ട്രാഫിക് പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം ഉപയോഗിക്കുന്ന ഒരു ചാര്‍ട്ടാണ് പൊലീസ് ഫേസ് ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്. അഡാർ ലൌ എന്ന സിനിമയിലെ അടുത്തകാലത്ത് തരംഗമായ കണ്ണിറുക്കല്‍ രംഗത്തിനൊപ്പമാണ് പൊലീസിന്‍റെ പോസ്റ്റ്.

ചില സാഹചര്യങ്ങളില്‍ തൊട്ടുമുന്നിലുള്ള അപകടം ഡ്രൈവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചാലും വാഹനം അമിതവേഗതയിലാണെങ്കില്‍ വലിയ അപകടം സുനിശ്ചിതമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ട്രാഫിക് പോലീസ്. ഇത്തരം സാഹചര്യങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വ്യത്യസ്ത വേഗതകളില്‍ വാഹനം പൂര്‍ണമായും നിര്‍ത്തുവാന്‍ എടുക്കുന്ന സമയം എത്രയാണെന്നാണ് 'ഒരു കണ്ണിറുക്കല്‍ മതി അപകടം ഉണ്ടാവാന്‍' എന്ന പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രൈവര്‍ ബ്രേക്കില്‍ കാലമര്‍ത്തുന്ന സമയത്തു വാഹനം സഞ്ചരിക്കുന്ന ദൂരവും ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരവും ചേരുമ്പോഴാണ് വാഹനം പൂര്‍ണമായും നിര്‍ത്താന്‍ എടുക്കുന്ന സമയം കണക്കാക്കുന്നതെന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. 

മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനമാണെങ്കില്‍ അടിയന്തരമായി നിര്‍ത്താന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കില്‍ കാലമര്‍ത്തുമ്പോഴെക്കും വാഹനം 6 മീറ്റര്‍ സഞ്ചരിച്ചിരിക്കും അതോടൊപ്പം ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുമ്പോഴും 6 മീറ്റര്‍ മുന്നോട്ട് പോയിരിക്കും. ഇത്തരത്തില്‍ കണക്കാക്കിയാല്‍ ആകെ ബ്രേക്കിങ് ദൂരം 12 മീറ്ററായിരിക്കും എന്നും ചാര്‍ട്ടിന്‍റെ സഹായത്തോടെ പൊലീസ് വ്യക്തമാക്കുന്നു.

80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ 53 മീറ്റര്‍ ദൂരം സഞ്ചരിച്ചേ ശേഷമേ നില്‍ക്കുകയുള്ളു. 96 കിമി വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ ബ്രേക്കിങ് ദൂരം 73 മീറ്ററും വേഗത 112 കിലോമീറ്ററിലെത്തിയാല്‍ ബ്രേക്കിങ് ദൂരം 96 മീറ്ററും ആയിയും ഉയരും. 

ഓരോ ഡ്രൈവര്‍മാരും ചിന്തിക്കുന്ന സമയം, റോഡിന്റെ അവസ്ഥ, കാലാവസ്ഥ, വാഹനത്തിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ച് ഈ കണക്കില്‍ ചെറിയ വ്യത്യാസം വരാം. ചെറിയ വേഗതയിലാണ് യാത്രയെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ വലിയ അപകടമില്ലാതെ രക്ഷപ്പെടാം. അതേസമയം അമിതവേഗതയിലാണെങ്കില്‍ അപകട തോത് വര്‍ധിക്കുമെന്നും ഓര്‍മ്മിപ്പിക്കുകയാണ് പൊലീസ്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം കാണാം.

click me!