നൂറുകിലോമീറ്റര്‍ മാത്രം ഓടിയ പുത്തന്‍ എംജി ഹെക്ടര്‍ ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വച്ച് മലയാളി

By Web TeamFirst Published Jul 25, 2019, 6:57 PM IST
Highlights

കൊച്ചി എടപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഒഎല്‍എക്സ് അക്കൗണ്ടിലാണ് പുത്തന്‍ ഹെക്ടര്‍ വില്‍പനയ്ക്കുള്ളത്. ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് വില. 2019 മോഡല്‍ ഡീസല്‍ ഷാര്‍പ് ഹെക്ടറാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

കൊച്ചി: കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ എംജി മോട്ടോഴ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുമെന്ന അവസ്ഥ വന്നതോടെ പുത്തന്‍ കാര്‍ മറിച്ച് വിറ്റ് ലാഭമുണ്ടാക്കാനൊരുങ്ങി ഒരു മലയാളി. ഇന്ത്യയില്‍ പുറത്തിറങ്ങി 22 ദിവസങ്ങള്‍ക്കുള്ളില്‍ 21000 ബുക്കിംഗുകളാണ് എംജി ഹെക്ടര്‍ നേടിയത്. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലധികം കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന അവസ്ഥയെത്തിയതോടെ  എംജി മോട്ടോഴ്സ് ബുക്കിംഗുകള്‍ ഇന്ത്യയില്‍ നിര്‍ത്തി വച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് വെറും നൂറ് കിലോമീറ്റര്‍ ഓടിയ ഹെക്ടര്‍ ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് എത്തി. കൊച്ചി എടപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഒഎല്‍എക്സ് അക്കൗണ്ടിലാണ് പുത്തന്‍ ഹെക്ടര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് വില. 2019 മോഡല്‍ ഡീസല്‍ ഷാര്‍പ് ഹെക്ടറാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 

വെള്ള നിറത്തിലുള്ള പുത്തന്‍ ഹെക്ടറിന്‍റെ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പോലും മാറ്റാതെയാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇരുപത് ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ മൂന്നുലക്ഷം രൂപ ലാഭത്തിനാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. നിരവധിയാളുകളാണ്  വില്‍പനയുമായി ബന്ധപ്പെട്ട് വിളിക്കുന്നതെന്ന് ഉടമ പറയുന്നു.

ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലാണ് ഇപ്പോള്‍ എംജിയുള്ളത്. അടുത്തിടെ മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എം ജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. പിന്നാലെ ജൂണ്‍ നാലു മുതല്‍ ഡീലര്‍ഷിപ്പുകളും ബുക്കിങ് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും വാഹനത്തിന്‍റെ പ്രീബുക്കിംഗും എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു. 

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഒരുങ്ങുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തിയത്.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്. പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. 

click me!