
ഇന്ത്യൻ എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ പ്രീമിയം എംപിവിയെ പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോഴിതാ കിയ ഇന്ത്യൻ വിപണിയിൽ നിന്ന് നിലവിലെ കാർണിവൽ പ്രീമിയം എംപിവി നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് കിയ കാർണിവൽ നീക്കം ചെയ്തു. രാജ്യത്തുടനീളമുള്ള വിവിധ കിയ ഡീലർഷിപ്പുകളിൽ എംപിവിയുടെ ബുക്കിംഗും നിർത്തിവച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കാർണിവലിന്റെ മൂന്നാം തലമുറയാണ് കിയ ഇന്ത്യയിൽ വിൽക്കുന്നത് .
കാർണിവലിന്റെ നാലാം തലമുറ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ജൂണിൽ കാർണിവലിന്റെ നാലാം തലമുറയെ കിയ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ കിയ കാർണിവൽ പഴയ തലമുറയിൽ തുടർന്നും വാഗ്ദാനം ചെയ്‍തു. കാർണിവൽ അതിന്റെ നാലാം തലമുറ അവതാറിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു.
2023 ഏപ്രിലിൽ ബിഎസ് 6 ഘട്ടം 2 മാനദണ്ഡങ്ങൾ ഇന്ത്യയിൽ ആരംഭിച്ചതിനാൽ അപ്‌ഡേറ്റ് ചെയ്ത മാനദണ്ഡങ്ങൾക്കനുസരിച്ച് എംപിവി നവീകരിക്കാൻ കമ്പനിക്ക് താൽപ്പര്യമില്ല. കാർണിവലിന്റെ വിൽപ്പന മികച്ചതായിരുന്നില്ല. സികെഡി വഴിയാണ് കാർണിവൽ ഇന്ത്യയിലെത്തിച്ചത്. എഞ്ചിൻ സവിശേഷതകളിൽ, കിയ കാർണിവലിന് കരുത്തേകുന്നത് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ്. ഡീസൽ എഞ്ചിൻ 3800rpm-ൽ 197.2 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു. എംപിവി വികസിപ്പിച്ചെടുത്ത ടോർക്ക് 440 എൻഎം ആണ്. 14.11 kmpl ആണ് കാർണിവൽ വാഗ്ദാനം ചെയ്യുന്ന മൈലേജ്. എംപിവിയിൽ 540 ലിറ്ററാണ് ബൂട്ട് സ്‌പേസ് നൽകുമ്പോൾ ഇന്ധന ടാങ്ക് കപ്പാസിറ്റി 60 ലിറ്ററാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവ ഉൾപ്പെടെയുള്ള ചില സുരക്ഷാ സവിശേഷതകൾ ഈ എംപിവി വാഗ്ദാനം ചെയ്യുന്നു. പ്രസ്റ്റീജ് 7 സീറ്റർ, ലിമോസിൻ 7 സീറ്റർ, ലിമോസിൻ പ്ലസ് 7 സീറ്റർ എന്നിങ്ങനെയുള്ള വേരിയന്‍റുകളില്‍ ആയിരുന്നു കാർണിവൽ എത്തിയിരുന്നത്.
ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്.
ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമായ പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ നിറങ്ങളിലും ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് ഇന്റീരിയർ കളർ സ്‍കീമിലുമാണ് കിയ കാർണിവൽ എത്തുന്നത്.
അതേസമയം KA4 എന്ന പുതിയ പേരിലുള്ള നാലാം തലമുറ കാർണിവലിന് വഴിയൊരുക്കാനാണ് കമ്പനി നിലവിലെ കാര്‍ണിവലിന്‍റെ വില്‍പ്പന അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍റീരിയറും സൂപ്പറാ, 'മാരുതി ഇന്നോവ' കലക്കുമെന്ന് വാഹനപ്രേമികള്‍!