Latest Videos

ഇവി 6 ടീസറുമായി കിയ, ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു

By Web TeamFirst Published Mar 10, 2021, 3:02 PM IST
Highlights

കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ സാക്ഷാല്‍ക്കാരമാണ് ഇവി6 എന്ന് കിയ ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ കരീം ഹബീബ് പറഞ്ഞു. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴേസ് കിയ ഇവി6 ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. വാഹനത്തിന്‍റെ രൂപകല്‍പ്പന എങ്ങനെയിരിക്കുമെന്നതിന്റെ സൂചന തരുന്നതാണ് ടീസര്‍ ചിത്രങ്ങള്‍. പിറകിലെ സ്‌പോയ്‌ലറുമായി കൂപ്പെ സമാനമായ റൂഫ്‌ലൈന്‍ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നതായും ഛായാചിത്രത്തില്‍ ചെറിയ ഡക്ക്‌ടെയ്ല്‍ കാണാമെന്നും  എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  മുന്‍ഭാഗത്തിന് ആധുനിക സ്പര്‍ശം ലഭിച്ചു. ഓവര്‍ഹാംഗിന് നീളം കുറവാണ്. ഹെഡ്‌ലൈറ്റുകള്‍ മെലിഞ്ഞതാണ്. സവിശേഷ ലുക്ക് കാഴ്ച്ചവെയ്ക്കുന്നതാണ് എല്‍ഇഡി പാറ്റേണ്‍.

കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ സാക്ഷാല്‍ക്കാരമാണ് ഇവി6 എന്ന് കിയ ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ കരീം ഹബീബ് പറഞ്ഞു. കിയ നടപ്പാക്കുന്ന പരിവര്‍ത്തനത്തിന്റെ ഭാഗമായി പ്രത്യേക നാമകരണ രീതിയായിരിക്കും പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. ഇവി എന്ന് പേരിന് ആദ്യം ചേര്‍ക്കും. ഇതേതുടര്‍ന്ന് നമ്പര്‍ നല്‍കും. 2021 ആദ്യ പാദത്തില്‍ കിയ ഇവി6 ആഗോള അരങ്ങേറ്റം നടത്തും.

കമ്പനിക്ക് നിലവില്‍ ഇ നീറോ, സോള്‍ ഇവി എന്നീ പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) വാഹനങ്ങള്‍ ഉണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലാണ് കിയ ഇവി6. ഇലക്ട്രിക് ഗ്ലോബല്‍ മോഡുലര്‍ പ്ലാറ്റ്‌ഫോം (ഇ ജിഎംപി) എന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് കിയ ഇവി6 നിര്‍മിക്കുന്നത്. പുതിയ ഡിസൈന്‍ ഫിലോസഫിയില്‍ കിയ വിപണിയിലെത്തിക്കുന്ന പുതു തലമുറ ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഇവി6. വൈദ്യുതീകരണത്തില്‍ കിയ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് ഇവി6.

2020 അവസാനം കിയ മോട്ടോഴേസ് ഇലക്‌ട്രോണിക് വെഹിക്കിള്‍ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചിരുന്നു. പുത്തന്‍ തലമുറയ്ക്ക് പുതിയ വാഹനസംസ്‌കാരം പകര്‍ന്നുനല്‍കാനാണ് ഈ പുതിയ പദ്ധതി. ഇതനുസരിച്ച് വരുന്ന ഏഴ് വര്‍ഷങ്ങളില്‍ ഏഴ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനാണ് കൊറിയന്‍ വാഹനക്കമ്പനിയായ കിയയുടെ തീരുമാനം. 2020 ന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച കിയയുടെ ‘പ്ലാന്‍ എസ്’ തന്ത്രത്തിന് കീഴില്‍ 2025 ഓടെ 11 മോഡലുകളിലേക്ക് ഇവി ലൈനപ്പ് വിപുലീകരിക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. അതേ കാലയളവില്‍ ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇവികളാകണമെന്ന് കിയ ലക്ഷ്യമിടുന്നുണ്ട്. കൊറിയ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുള്‍പ്പെടെ വിപണികളില്‍ മികച്ച വില്‍പ്പനയാണ് കിയ ആഗ്രഹിക്കുന്നത്. ലോകത്തെ പ്രമുഖ ചാര്‍ജിംഗ് കമ്പനികളുമായി പങ്കാളിത്തപരമായ സഹകരണവും കിയയുടെ പദ്ധതിയിലുണ്ട്.
 

click me!