Kia Kashmir : കശ്‍മീര്‍ വിഘടനവാദികളെ പിന്തുണച്ച സംഭവം, പാക്ക് ഡീലറുടെ ചെയ്‍തിയെന്ന് കിയ ഇന്ത്യയും

Web Desk   | Asianet News
Published : Feb 09, 2022, 09:46 AM ISTUpdated : Feb 09, 2022, 09:52 AM IST
Kia Kashmir : കശ്‍മീര്‍ വിഘടനവാദികളെ പിന്തുണച്ച സംഭവം, പാക്ക് ഡീലറുടെ ചെയ്‍തിയെന്ന് കിയ ഇന്ത്യയും

Synopsis

ഹ്യുണ്ടായിക്ക് പിന്നാലെ കശ്‍മീര്‍ ട്വീറ്റുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കിയ ഇന്ത്യയും

ദില്ലി: പാകിസ്ഥാന്‍ (Pakistan) ആചരിക്കുന്ന കശ്‍മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്‍മീരി (Kashmir വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റ് വന്ന സംഭവത്തിൽ വിശദീകരണവുമായി ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി (Hyundai)ക്ക് പിന്നാലെ സഹോദര സ്ഥാപനമായ കിയ ഇന്ത്യയും (Kia India).  രാഷ്ട്രീയവും സാംസ്കാരികവുമായ കാര്യങ്ങളിൽ ഏർപ്പെടില്ല എന്ന വ്യക്തമായ നയമാണ് തങ്ങൾക്ക് ഉള്ളതെന്ന് കിയ ഇന്ത്യ പറയുന്നു. ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ അനധികൃതമാണെന്ന് പറഞ്ഞ കിയ ഇന്ത്യ, കിയ ബ്രാൻഡ് ഐഡന്റിറ്റിയുടെ ഉപയോഗം അത്തരത്തിൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കിയ ഇന്ത്യ പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കി. 

കശ്‍മീരി വിഘടന വാദികള്‍ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹ്യുണ്ടായ്, കിയ, സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാതാക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്നാണ് കമ്പനികള്‍ നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരായത്.

പാക്കിസ്ഥാനിലെ ഹ്യൂണ്ടായി വിതരണക്കാരൻ ആണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്നും അതുമായി ഹ്യൂണ്ടായി കമ്പനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നുമാണ് ഹ്യുണ്ടായി ഇന്ത്യയുടെ വിശദീകരണം. വിഷയം വിവാദമായതോടെ വിതരണക്കാരനെ താക്കീത് ചെയ്‍തതായും ഹ്യൂണ്ടായി അറിയിച്ചു. ഹ്യുണ്ടായ് പാകിസ്ഥാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഐക്യദാര്‍ഢ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാര്‍മികതക്കൊപ്പം നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായി പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വേദനിപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യ. നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളോട് വിശ്വസ്തരായിരിക്കുന്നത് തുടരും. അനൌദ്യോഗികമായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യൻ ജനതയ്ക്ക് വിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് മാരുതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഹ്യുണ്ടായി.ഹ്യുണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്ന ആവശ്യം ഉയര്‍ന്നതോടെ കമ്പനി കൂടുകതല്‍ പ്രതിരോധത്തില്‍ ആകുകയായിരുന്നു.     

അതേസമയം കമ്പനി പ്രസ്താവനയിറക്കിയതിന് ശേഷം, മെച്ചപ്പെട്ട പ്രതികരണത്തിനായി ഇന്ത്യൻ സർക്കാർ ഹ്യുണ്ടായിയോട് ആവശ്യപ്പെട്ടതായി കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഹ്യുണ്ടായ് മോട്ടോറിന്റെ പ്രതികരണം, മറ്റ് കാര്യങ്ങളിൽ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് പാകിസ്ഥാനിലെ പ്രസ്തുത വിതരണക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് വീണ്ടും സ്ഥിരീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെയാണ് കിയ ഇന്ത്യയുടെ പ്രതികരണവും.

കിയ ഇന്ത്യയുടെ മുഴുവൻ പ്രസ്‍താവനയും ഇതാ
ലോകമെമ്പാടുമുള്ള 190-ലധികം വിപണികളിൽ വിപുലമായ സുസ്ഥിര മൊബിലിറ്റിക്ക് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ വൈവിധ്യവും ഉൾക്കൊള്ളുന്നതുമായ സ്ഥാപനമാണ് കിയ. ഡീലറുടെ സ്വന്തം അക്കൗണ്ടുകൾ ഉപയോഗിച്ച് രാജ്യത്തിന് പുറത്തുള്ള ഒരു സ്വതന്ത്ര ഉടമസ്ഥതയിലുള്ള ഡീലർ നടത്തിയ അനധികൃത സോഷ്യൽ മീഡിയ പോസ്റ്റുകൾ കിയ ഇന്ത്യ ശ്രദ്ധിച്ചു. കിയയുടെ ബ്രാൻഡ് ഐഡന്റിറ്റിയുടെ ഇത്തരം ദുരുപയോഗം ഒഴിവാക്കാൻ ഞങ്ങൾ കർശനമായ നടപടികൾ കൈക്കൊള്ളുകയും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങൾ ഏർപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്.

രാഷ്ട്രീയ സാംസ്‍കാരിക കാര്യങ്ങളിൽ ഇടപെടരുതെന്ന വ്യക്തമായ നയമാണ് കിയയ്ക്കുള്ളത്. ഇന്ത്യയിലെ ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് വിപണിയിലെ മുൻനിര ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിൽ ഞങ്ങളുടെ ശ്രദ്ധ തുടരുന്നു. ഈ അനൗദ്യോഗിക സോഷ്യൽ മീഡിയ പ്രവർത്തനം മൂലമുണ്ടായ കുറ്റത്തിൽ ഞങ്ങൾ ഖേദിക്കുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ