ഷോറൂമിന്‍റെ ഒന്നാം നിലയില്‍ നിന്നും താഴേക്ക്, സെല്‍റ്റോസ് തവിടുപൊടി!

By Web TeamFirst Published Dec 13, 2019, 12:29 PM IST
Highlights

ഷോറൂമിലെ ഒന്നാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് പതിച്ച് ജനപ്രിയ എസ്‍യുവി കിയ സെല്‍റ്റോസ്

ഡ്രൈവറുടെ അബദ്ധംമൂലം ഷോറൂമിലെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് പതിച്ച് ജനപ്രിയ എസ്‍യുവി കിയ സെല്‍റ്റോസ്. കിയയുടെ നവി മുംബൈയിലെ ഷോറൂമില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 

താഴെ നിര്‍ത്തിയിട്ട മറ്റൊരു സെല്‍റ്റോസിനു മുകളിലേക്കാണ് കാര്‍ വീണത്. അപകടത്തില്‍ പുതിയ സെല്‍റ്റോസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാര്‍ പ്രദര്‍ശനത്തിനായി പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഷോറൂമിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് കാര്‍ ഓടിച്ചിരുന്നത്. പാര്‍ക്കിംഗിനിടെ അബദ്ധത്തില്‍ കൂടുതല്‍ ആക്‌സലറേറ്റര്‍ നല്‍കിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ മുന്നോട്ടു പാഞ്ഞ കാര്‍ മുന്നിലെ ഗ്ലാസ് ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകട സമയം ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളു. വീഴ്ചയില്‍ എയര്‍ബാഗ് തുറന്നതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗവും ഗ്ലാസും തകര്‍ന്നു. മുന്‍ഭാഗം ഇടിച്ച് കുത്തനെ നിന്ന കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് എടുത്തുമാറ്റിയത്. വീഴ്ചയില്‍ താഴെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സെല്‍റ്റോസിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

2019 ഓഗസ്റ്റ് 22നാണ് രാജ്യത്തെ ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്ക് സെല്‍റ്റോസെന്ന വാഹനവുമായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് എത്തുന്നത്.  കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമായിരുന്നു സെല്‍റ്റോസ്.

നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX പതിപ്പിനാണ് കൂടുതല്‍ ഡിമാന്റ്. ഇതിന്റെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുല്യഡിമാന്റാണുള്ളത്. ഈ വേരിയന്റിന്റെ പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുള്ളതാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്റ്റര്‍ തുടങ്ങിയവരാണ് സെല്‍റ്റോസിന്‍റെ മുഖ്യ എതിരാളികള്‍. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് സെൽറ്റോസിന്‍റെ  ദില്ലി എക്സ്ഷോറൂം വില. 
 

click me!