
ഗൂഗിൾ മാപ്‌പ് (Google Maps) പോലുള്ള പുതിയ കാലത്തെ മൊബൈൽ ആപ്പുകള്‍ ഉപയോഗിച്ച് യാത്രകള്‍ക്കിടയില്‍ ദിശകൾ നിര്‍ണ്ണയിക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല. നമ്മളില്‍ പലരും അത് ചെയ്യുന്നു. എന്നാല്‍ അടുത്തകാലത്ത് ഗൂഗിൾ മാപ്പിനെ അന്ധമായി പിന്തുടർന്നതിനാല്‍ നിരവധി വാഹനയാത്രക്കാർക്ക് വഴിതെറ്റിയിട്ടുണ്ട്. അത്തരമൊരു വാര്‍ത്ത ഇപ്പോള്‍ പുറത്തുവരുന്നത് കൊൽക്കത്തയിൽ (Kolkata) നിന്നാണ്. ഗൂഗിള്‍ മാപ്പ് കാരണം ഒരു കൗമാരക്കാരൻ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ വാഹനം ഓടിച്ച് കുടുങ്ങിയ കഥ കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കിയ സെൽറ്റോസ് ആണ് കൊല്‍ക്കത്തയില്‍ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. മൂന്ന് കൗമാരക്കാർ രാത്രി ഒരു ജന്മദിന പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 80 മീറ്ററോളം റെയിൽവേ ട്രാക്കിന് മുകളിലൂടെ ഓടിച്ചാണ് ഇവർ കുടുങ്ങിയത്. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. രാത്രി 10.45 മുതൽ ഒരു മണിക്കൂറോളം റെയിൽവേ ഗതാഗതം അധികൃതർ തടഞ്ഞു. ബാലിഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. 18-നും 19-നും ഇടയിൽ പ്രായമുള്ള മൂന്ന് യാത്രക്കാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് തെറ്റായ വഴി തിരഞ്ഞെടുത്തതാണ് തങ്ങളെ റെയിൽവേ ട്രാക്കിൽ ഇറക്കാൻ ഇടയാക്കിയതെന്നാണ് കൗമാരക്കാരുടെ വാദം. സംഭവത്തെ തുടർന്ന് ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‍തു. കാറിൽ യാത്ര ചെയ്‍ത മൂന്ന് പേർക്കെതിരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കേസെടുത്തിട്ടുണ്ട്.
പിന്നീട് പോലീസ് ഇവരെ ജാമ്യത്തിന് ശേഷം വിട്ടയച്ചു. ട്രാക്കിൽ നിന്ന് വാഹനം മാറ്റാൻ ശ്രമിച്ച അധികൃതരോട് സുഹൃത്തുക്കളിൽ രണ്ട് പേർ മോശമായി പെരുമാറിയതിനെ തുടർന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കേസെടുത്തത്. വാഹനത്തിൽ നിന്ന് ബിയറും പോലീസ് കണ്ടെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
ഗൂഗിൾ മാപ്പും തെറ്റായ വഴികളും
ആളുകൾ അന്ധമായി ഗൂഗിൾ മാപ്പിനെ വിശ്വസിക്കുകയും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന സമാനമായ സംഭവങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചതു കാരണം വാഹനങ്ങള്‍ ജലാശയങ്ങളിൽ വീണതടക്കം നിരവധി സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ടാറ്റ ഹാരിയറുമായി ഒരു യാത്രികന്‍ വനത്തില്‍ കുടുങ്ങിയിരുന്നു. മണിക്കൂറുകൾക്കു ശേഷമാണ് ഇയാളെ രക്ഷിക്കാൻ സഹായമെത്തിയത്. ടോൾ റോഡുകൾ ഒഴിവാക്കാൻ ഗൂഗിൾ മാപ്പിനെ സജ്ജീകരിച്ചതായിരുന്നു ഇയാള്‍ക്ക് വിനയായത്. ഗൂഗിൾ മാപ്‌സ് നിർദേശിക്കുന്ന വഴികൾ കൃത്യമായി പരിശോധിച്ച് നാട്ടുകാരിൽ നിന്ന് റോഡിനെ കുറിച്ചുള്ള വിവരങ്ങൾ എടുക്കുന്നത് എപ്പോഴും നല്ലതാണ്.
ഗൂഗിൾ മാപ്പുകൾ നഗരപരിധിക്കുള്ളിൽ ഉപയോഗിക്കുമ്പോഴോ ട്രാഫിക് വിവരങ്ങൾ ലഭിക്കാൻ ദിവസേനയുള്ള യാത്രാമാർഗത്തിലോ ഉപയോഗിക്കുമ്പോൾ അത് വളരെ മികച്ചതാണെങ്കിലും, ദീർഘദൂര യാത്രകളിൽ നിങ്ങൾക്ക് അവയെ അന്ധമായി ആശ്രയിക്കാതിരിക്കുന്നതാണ് ഉചിതം. വേഗതയേറിയ റൂട്ട്, ടോളുകളില്ലാത്ത റൂട്ടുകൾ, ഏറ്റവും ചെറിയ റൂട്ട് തുടങ്ങിയ ക്രമീകരണങ്ങൾ ചിലപ്പോള്‍ ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കുന്ന റൂട്ടിനെ ബാധിക്കും. കൂടാതെ നിങ്ങൾ അനാവശ്യ വഴിതിരിച്ചുവിടലുകള്‍ക്ക് വിധേയനാകേണ്ടിയും വന്നേക്കാം. ദീർഘദൂര യാത്രകൾ ചർച്ച ചെയ്യാൻ കഴിയുന്ന ഫോറങ്ങളിൽ ചേരുകയോ വിദഗ്‍ദരോട് ചോദിക്കുകയോ ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കൂടാതെ, എല്ലായ്‌പ്പോഴും നിങ്ങളുടെ ഇന്ദ്രിയങ്ങളെ ആശ്രയിക്കുകയും മാപ്പുകൾ നിങ്ങളെ തെറ്റായ ദിശയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് തോന്നുകയാണെങ്കിൽ വാഹനം നിർത്തി പരിശോധിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.