ഒരുവര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ കിയ മൂന്നാമന്‍ എത്തി

By Web TeamFirst Published Aug 8, 2020, 6:53 PM IST
Highlights

സോണറ്റിന്റെ ആഗോള അവതരണമാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടന്നത്. ഡിജിറ്റല്‍ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്‍തത്. 

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡല്‍ സോണറ്റിനെ അവതരിപ്പിച്ചു. ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് കോംപാക്‌ട് എസ്‌യുവിയെ ശ്രേണിയിലേക്കുള്ള സോണറ്റിന്‍റെ വരവ്.

സോണറ്റിന്റെ ആഗോള അവതരണമാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടന്നത്. ഡിജിറ്റല്‍ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്‍തത്. ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. 

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്. 

2020 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച കൺസെപ്റ്റ് രൂപത്തോട് 100 ശതമാനം നീതി പുലർത്തും വിധമാണ് ലോഞ്ചിന് റെഡിയായ സോണറ്റ്. മെഷ് ഇൻസേർട്ടുകളുള്ള ടൈഗർ നോസ് ഗ്രിൽ, സ്‌പോർട്ടയായ ബമ്പർ, വലിപ്പം കൂടിയ എയർഡാം, ഷാർപ് ഡിസൈനിലുള്ള ഹെഡ്‍ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിവയാണ് മുൻകാഴ്ചയിലെ ആകർഷണങ്ങൾ. ഡയമണ്ട് കട്ട് 16-ഇഞ്ച് അലോയ് വീലുകൾ, വലിപ്പം കൂടിയ വീൽ ആർച്ചുകൾ, സി-പില്ലറിൽ നിന്ന് കുത്തനെ ഉയരുന്ന വിൻഡോ ലൈൻ, റൂഫ് റെയിലുകൾ, കോൺട്രാസ്റ്റ്-കളർ റൂഫ്, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്ത സ്വേപ്‌റ്റ്ബാക്ക് ടെയിൽ ലാംപ് എന്നിവയാണ് സോണറ്റിലെ മറ്റുള്ള ആകർഷണങ്ങൾ.

ബംമ്പറിന്റെ താഴെ ഭാഗത്തുനിന്നായി ആരംഭിക്കുന്ന ബ്ലാക്ക് ക്ലാഡിങ്ങ് വാഹനത്തിന് ചുറ്റിലും നീളുന്നതാണ്. ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്‌സ്, ബ്ലാക്ക് റിയര്‍വ്യു മിറര്‍, കറുപ്പണിഞ്ഞ ബി,സി പില്ലറുകള്‍, ക്രോമിയത്തില്‍ പൊതിഞ്ഞ ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് സോണറ്റിന്റെ വശങ്ങള്‍ക്ക് അഴകേകുന്നത്. 

വാഹനത്തിന്‍റെ പിന്‍വശവും ഏറെ സ്റ്റൈലിഷാണ്. എല്‍ഇഡിയില്‍ തന്നെ ഒരുങ്ങിയിരിക്കുന്ന ടെയ്ല്‍ലൈറ്റുകള്‍, രണ്ടും ലൈറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പ്, വലത് വശത്തായി മോഡലിന്റെ പേരും ഇടത് വശത്തായി വേരിയന്റിന്റെയും ബാഡ്ജിങ്ങ് നല്‍കിയിരിക്കുന്നു. ഡ്യുവല്‍ ടോണിലാണ് പിന്നിലെ ബംമ്പര്‍ ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ റിഫഌക്ഷന്‍ ലൈറ്റ് നല്‍കിയതിനൊപ്പം മുന്നിലേത് പോലെ ചുവപ്പ് ലൈനും നല്‍കിയിട്ടുണ്ട്.

ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ്. സെൽറ്റോസിലേതിന് സമാനമായ 10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റവും സ്റ്റിയറിംഗ് വീലുമാണ് ഇതിനുകാരണം. അതേ സമയം സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, അനലോഗ് ഡയലുകളും, കുത്തനെ ക്രമീകരിച്ചിരിക്കുന്ന എസി വെന്റുകളുമെല്ലാം സെൽറ്റോസിന്റേത് വ്യത്യസ്തമാണ്. പൂർണമായും ഡിജിറ്റൽ ആയ 4.2-ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ സോണറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ജിടി ലൈൻ മോഡലുകളുടെ സ്റ്റിയറിംഗ് വീലിലും, സീറ്റിലും പ്രത്യേക ബാഡ്ജിങ് ഉണ്ടായിരിക്കും. 

മാത്രമല്ല കറുപ്പ് നിറത്തിന്റെ ലേയൗട്ടിൽ നല്ലവണ്ണം പ്രതിഫലിക്കുന്ന ചുവപ്പ് നിറത്തിലുള്ള സ്റ്റിച്ചിങ് സ്റ്റിയറിംഗ് വീൽ, സീറ്റുകൾ, ഡോറുകൾ, ഡാഷ്‌ബോർഡ് എന്നിവിടങ്ങളിൽ ജിടി ലൈൻ മോഡലിന് അധികമായുണ്ട്. ആപ്പിൾ കാർപ്ലേയ്/ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 7 സ്‌പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലാമ്പുകൾ, വയർലെസ്സ് ഫോൺ ചാർജിങ് ട്രേ, പാർക്കിംഗ് സെൻസറുകൾ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, ധാരാളം ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സൺറൂഫ് എന്നിവയാണ് മുഖ്യ ഫീച്ചറുകൾ. 

ഹ്യുണ്ടായിയുടെ വെന്യുവിന്റെ പ്ലാറ്റ്‌ഫോമാണ് സോണറ്റിലും. ഹ്യുണ്ടായ് വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും.

സുരക്ഷ ഉറപ്പാക്കുന്നതിനായി കരുത്തുള്ള സ്റ്റീലിലാണ് ഷാസിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിര്‍മിച്ചിരിക്കുന്നത്. ഇതിനുപുറമെ, ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്ങ്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് ആംഗര്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് സോണറ്റില്‍ ഒരുക്കിയിട്ടുള്ളത്. ഏകദേശം Rs 6.8 ലക്ഷത്തിനും Rs 11 ലക്ഷത്തിനും ഇടയിൽ കിയ സോണറ്റിന് വില പ്രതീക്ഷിക്കാം.

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോട്ട്, മഹീന്ദ്ര എസ്‌യുവി 300, വരാനിരിക്കുന്ന മോഡലുകളായ നിസാന്‍ മാഗ്‌നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസ്, ഹോണ്ട എച്ച്ആര്‍വി തുടങ്ങിയവരുമാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

click me!