കയറ്റത്തില്‍ രക്തം ഛർദിച്ച് ഡ്രൈവര്‍ കുഴഞ്ഞുവീണു, രക്ഷകനായി കണ്ടക്ടര്‍!

By Web TeamFirst Published Nov 12, 2019, 10:41 AM IST
Highlights

യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങി. 

തിരുവനന്തപുരം: യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തിയ കണ്ടക്ടര്‍ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. 

തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയിൽനിന്ന് മായത്തേക്കു പോവുകയായിരുന്നു.  ബസ് അമ്പൂരി പഞ്ചായത്തോഫീസിനു സമീപത്തെ കയറ്റം കയറുമ്പോഴാണ് ഡ്രൈവർ വെള്ളറട സ്വദേശി കെ സുനിൽകുമാർ കുഴഞ്ഞുവീണത്. 

ഇതോടെ നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു.  ബൈക്ക് യാത്രികര്‍ വശത്തേക്കു തെറിച്ചുവീണു. ബസ് വീണ്ടുമുരുണ്ട് സമീപത്തെ കുഴിയിലേക്ക് മറിയാന്‍ തുടങ്ങുന്നതിനിടെ കണ്ടക്ടർ മണ്ണാംകോണം മൊട്ടാലുമൂട് സ്വദേശി അജിത്ത് ഓടിയെത്തി.

ഡ്രൈവിംഗ് സീറ്റില്‍ ചരിഞ്ഞു കിടക്കുകയായിരുന്ന ഡ്രൈവറെ മറികടന്ന് അജിത്ത് ധൈര്യം കൈവിടാതെ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തമാണ് ഒഴിവായത്. തുടർന്ന് ആംബുലൻസെത്തിച്ച് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികരെയും ആശുപത്രികളിലെത്തിച്ചു. ഡ്രൈവര്‍ സുനില്‍ കുമാര്‍ കാരക്കോണം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും ബൈക്ക് യാത്രികര്‍ പാറശ്ശാല ആശുപത്രിയിലും ചികിത്സയിലാണ്. 

click me!