സ്ഥലങ്ങള്‍ക്ക് നമ്പറുകള്‍, പുതിയ സംവിധാനവുമായി കെഎസ്‍ആര്‍ടിസി ബസുകള്‍

Web Desk   | Asianet News
Published : Jun 20, 2021, 08:57 AM ISTUpdated : Jun 20, 2021, 09:01 AM IST
സ്ഥലങ്ങള്‍ക്ക് നമ്പറുകള്‍, പുതിയ സംവിധാനവുമായി കെഎസ്‍ആര്‍ടിസി ബസുകള്‍

Synopsis

ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകൾ നൽകുന്ന സംവിധാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകൾ നൽകുന്ന സംവിധാനമാണ് കെഎസ്ആർടിസിയുടെ സിറ്റി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്‍ത നിറങ്ങളിലായിരിക്കും ഈ നമ്പറുകള്‍ രേഖപ്പെടുത്തുക.

റൂട്ട് നമ്പറിങ്ങിനെക്കുറിച്ച് 2016- ൽ കെ എസ് ആർ ടി സി പഠനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് വിഭാഗവുമായി ചേർന്നായിരുന്നു പഠനം. ഈ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങൾക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളാണ് നൽകിയിട്ടുള്ളത്. 

കിഴക്കേക്കോട്ട, പേരൂർക്കട, പാപ്പനംകോട്, വികാസ് ഭവൻ, വെള്ളനാട് ഡിപ്പോകളിലെ 100 ഓളം ബസുകളിലാണ് ആദ്യഘട്ടത്തിൽ നമ്പർ രേഖപ്പെടുത്തുക. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ നമ്പറുകൾ ഒന്നിലാണ് തുടങ്ങുന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നാല്, അഞ്ച് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും നെടുമങ്ങാട് താലൂക്കിൽ ആറ്, ഏഴ് അക്കങ്ങളിലും വർക്കല, ചിറയിൻകീഴ് താലുക്കുകളിൽ എട്ട്, ഒമ്പത് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്.

താലൂക്ക് അടിസ്ഥാനത്തില്‍ ഈ അക്കങ്ങള്‍ക്ക് നിറങ്ങളും നല്‍കും. ഓരോ താലൂക്കിനും ഓരോ നിറമാണ് നൽകുക.  തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങളുടെ അക്കങ്ങൾ നീലനിറത്തിലായിരിക്കും രേഖപ്പെടുത്തുക. നെയ്യാറ്റിൻകര, കാട്ടാക്കട - മഞ്ഞ, നെടുമങ്ങാട് - പച്ച, വർക്കല, ചിറയിൻകീഴ് - ചുവപ്പ് എന്നിങ്ങനെയാണ് നിറങ്ങൾ നൽകുക. 

സ്ഥലത്തിന്‍റെ നമ്പർ ബോർഡിന്റെ ഇടതുവശത്താണ് രേഖപ്പെടുത്തുക. സർവീസ് എത് കാറ്റഗറിയാണെന്ന് അതായത് സിറ്റി ഓർഡിനറി, സിറ്റി ഫാസ്റ്റ് പാസഞ്ചര്‍- എന്ന് വ്യക്തമാക്കുന്ന ചുരുക്കെഴുത്ത് ബോർഡിന്റെ വലതുവശത്തും പ്രദർശിപ്പിക്കും. കളർ കോഡിംഗോടു കൂടിയതായിരിക്കും ഈ ചുരുക്കെഴുത്ത്.  സ്ഥലങ്ങളുടെ പേരുകൾ എഴുതുന്നതിനും പ്രത്യേക നിറങ്ങൾ ഉപയോഗിക്കും. സിറ്റി ഓർഡിനറി ബസുകളുടെ ബോർഡുകളിൽ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥലപ്പേരുകൾ എഴുതുക. സിറ്റി ഫാസ്റ്റിൽ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥലപ്പേരുകൾ എഴുതുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ കിഴക്കേക്കോട്ടയിലെ ബസുകളിൽ നമ്പറിട്ടു കഴിഞ്ഞു. മറ്റ് ഡിപ്പോകളിൽ രണ്ടുദിവസത്തിനുള്ളിൽ നടപ്പാക്കും. വൈകാതെ തന്നെ സംസ്ഥാനം മുഴുവൻ ഈ സംവിധാനം ഏർപ്പെടുത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പൊതുജനങ്ങളുടെ നിർദേശങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  


 

PREV
click me!

Recommended Stories

ഈ വാഹന ഉടമകൾ റോഡിൽ ഇറങ്ങാൻ ഇനി പാടുപെടും! ആ പരിപാടികളൊന്നും ഇനി നടക്കില്ല, കർശന നീക്കവുമായി നിതിൻ ഗഡ്‍കരി
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ