ഒമ്പതു കോടി മുടക്കി ഗോസ്റ്റ് കാര്‍ സ്വന്തമാക്കി ഇന്ത്യന്‍ കോടീശ്വരന്‍!

By Web TeamFirst Published Apr 18, 2021, 12:09 PM IST
Highlights

 ഏകദേശം ഒമ്പതു കോടിയോളം രൂപ വില വരുന്നതാണ് ഈ കാര്‍

ഐക്കണിക്ക് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയിസിന്‍റെ ഗോസ്റ്റ് സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ കുമാര്‍ മംഗലം ബിര്‍ള.  ഏകദേശം ഒമ്പതു കോടിയോളം രൂപ വില വരുന്ന രണ്ടാം തലമുറ ഗോസ്റ്റ് എക്‌സ്റ്റന്റഡ് വീല്‍ബേസ് മോഡലാണ് ബിര്‍ളയുടെ ഗ്യാരേജിലെത്തിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുംബൈയിലാണ് ബിര്‍ലയുടെ വാഹനം കണ്ടെത്തിയത്. റോൾസ് റോയ്‌സ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ പുതിയ രണ്ടാം തലമുറ ഗോസ്റ്റിനെ അവതരിപ്പിച്ചത്. ഗോസ്റ്റിന്റെ റെഗുലര്‍ പതിപ്പിനെക്കാള്‍ 170 എം.എം. അധിക നീളവും 40 കിലോഗ്രാം അധിക ഭാരവുമുണ്ട് ഇ.ഡബ്ല്യു.ബി. പതിപ്പിന്. 

6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബിയുടെ ഹൃദയം. ഈ എന്‍ജിന്‍ 563 ബിഎച്ച്പി പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്. 

ആദ്യ തലമുറ മോഡലിനെക്കാള്‍ ഫീച്ചര്‍ സമ്പന്നമായാണ് രണ്ടാം തലമുറ ഗോസ്റ്റ് എത്തിയിട്ടുള്ളത്. ഉയര്‍ന്ന വീല്‍ബേസ് ഉള്ളതിനാല്‍ തന്നെ അകത്തളം റെഗുലര്‍ പതിപ്പിനെക്കാള്‍ വിശാലവുമാണ്. പുറം മോടിയില്‍ ആദ്യതലമുറ മോഡലിന് സമാനമാണ് പുതിയ ഗോസ്റ്റും. എന്നാല്‍, അകത്തളത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച കുഷ്യനുകള്‍ നല്‍കിയുള്ള സീറ്റുകള്‍, ആറ് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിക്കാവുന്ന ഫ്രിഡ്ജ്, പാസഞ്ചര്‍ സ്‌ക്രീന്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഏകദേശം 7.95 കോടി രൂപയാണ് ഈ വാഹനത്തിന്റെ  ഇന്ത്യയിലെ എക്‌സ്‌ഷോറും വില. എന്നാല്‍ നികുതിയും മറ്റ് കസ്റ്റമൈസേഷനുകളും വരുത്തി നിരത്തിലെത്തുമ്പോള്‍ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും റോള്‍സ് റോയിസ് ഗോസ്റ്റ് ഇഡബ്ല്യുബി പതിപ്പിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!