സ്വന്തം കാറിന് രത്തന്‍ ടാറ്റയുടെ കാർ നമ്പർ, പിടിയിലായ യുവതി പറഞ്ഞത് ഇങ്ങനെ!

By Web TeamFirst Published Jan 11, 2021, 1:00 PM IST
Highlights

ഒടുവില്‍ യുവതി പറഞ്ഞ മറുപടി കേട്ട് പൊലീസ് ഞെട്ടി

ടാറ്റ മേധാവിയും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റയുടെ കാറിന്‍റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ച യുവതി പൊലീസ് പിടിയില്‍. തന്‍റെ ബിഎംഡബ്ല്യൂ കാറിന് രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ പതിപ്പിച്ച യുവതിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് മുബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിരവധി തവണ നിയമ ലംഘനം നടത്തിയതിനെത്തുടര്‍ന്ന് ഈ വാഹനത്തിന് മോട്ടോര്‍വാഹന വകുപ്പും പൊലീസും പിഴയിട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. പിഴയ്ക്കുള്ള ചലാനുകള്‍ ലഭിച്ചത് രത്തന്‍ ടാറ്റയ്ക്കായിരുന്നു. എന്നാല്‍ തങ്ങളുടെ വാഹനം ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ഇതോടെ പൊലീസിനും സംശയമായി. തുടര്‍ന്ന് സംഭവങ്ങള്‍ നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെ ട്രാഫിക് പൊലീസ് പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ കാർ ഉടമയെ തിരിച്ചറിഞ്ഞത്. 

ഒടുവില്‍ യുവതി പറഞ്ഞ മറുപടി കേട്ട് പൊലീസ് ഞെട്ടി. സംഖ്യശാസ്ത്രം അനുസരിച്ച്  നല്ല നമ്പര്‍ ആണെന്ന് കണ്ടാണ് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു യുവതിയുടെ മറുപടി. ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ ഉന്നതങ്ങളിലേക്കെത്താന്‍ വേണ്ടി വര്‍ഷങ്ങളായി ഈ നമ്പർ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.  ഇത് രത്തന്‍ ടാറ്റയുടെ നമ്പറാണ് എന്ന് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.  തുടര്‍ന്ന് രത്തന്‍ ടാറ്റയുടെ വിലാസത്തില്‍ അയച്ച ഇ-ചെലാനുകള്‍  ഈ യുവതിക്ക് കൈമാറി.

മുംബൈ പൊലീസ് യുവതിയുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചന, വ്യാജ രേഖ സൃഷ്ടിക്കല്‍ എന്നി വകുപ്പുകള്‍ അനുസരിച്ച് യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. എന്നാല്‍ വ്യാജനമ്പര്‍ പതിപ്പിച്ച ഈ യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയുടെ മേധാവിയാണ് ഈ യുവതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

click me!