കാതടപ്പിക്കുന്ന ശബ്ദത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപണം; ലംബോർഗിനി ഉടമയ്ക്ക് മര്‍ദ്ദനം

By Web TeamFirst Published Jun 19, 2020, 10:05 AM IST
Highlights

യുവാവ് അശ്രദ്ധമായ രീതിയില്‍ ലംബോര്‍ഗിനിയുടെ ഗല്ലാര്‍ഡോ മോഡല്‍ വാഹനമോടിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. അമിതവേഗവും അമിത ശബ്ദവുമാണെന്ന് ചൂണ്ടികാണിച്ച പ്രാദേശിക നേതാക്കളും നാട്ടുകാരുമടങ്ങിയ ഒരു സംഘം ആളുകൾ ആർടി നഗറിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ചത്. 

ആര്‍ടി നഗര്‍(ബെംഗളുരു): ആഡംബരവാഹനത്തിന്‍റെ ശബ്ദം അരോചകമായതിനെ തുടര്‍ന്ന് യുവാവിന് മര്‍ദ്ദനം. അമിതവേഗതയും കാതടപ്പിക്കുന്ന ശബ്ദവും ആരോപിച്ചാണ് നാട്ടുകാര്‍ ലംബോർഗിനി ഉടമയെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ആർടി നഗറിലാണ് സംഭവം. ജൂണ്‍ 11ന് ആര്‍ടി നഗറില്‍ വച്ച് നാട്ടുകാര്‍ വാഹന ഉടമയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

സുഹൃത്തിനേയും കൂട്ടി കറങ്ങാനിറങ്ങിയ യുവാവ് അശ്രദ്ധമായ രീതിയില്‍ ലംബോര്‍ഗിനിയുടെ ഗല്ലാര്‍ഡോ മോഡല്‍ വാഹനമോടിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. അമിതവേഗവും അമിത ശബ്ദവുമാണെന്ന് ചൂണ്ടികാണിച്ച പ്രാദേശിക നേതാക്കളും നാട്ടുകാരുമടങ്ങിയ ഒരു സംഘം ആളുകൾ ആർടി നഗറിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ ഇവരെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചതിനെ തുടർന്നാണ് ഉടമയെ  കൈയേറ്റം ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനം തടയാൻ ശ്രമിച്ച ഒരാളെ കാറിന് പുറത്തിരുത്തി ഓടിച്ചുപോകാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ജനവാസ കേന്ദ്രത്തിലൂടെ അമിതശബ്ദവും അമിതവേഗത്തിലൂടെയും ഡ്രൈവ് ചെയ്തതിനാലാണ് വാഹനം തടഞ്ഞതെന്നും പ്രദേശവാസികൾ പറയുന്നത്.  വിഡിയോ വൈറൽ ആയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ മര്‍ദ്ദിച്ചവരോ മര്‍ദ്ദനമേറ്റവരോ ഇനിയും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് ബെംഗളുരു പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്.

click me!