കൊവിഡ് 19; ലംബോര്‍ഗിനി പ്ലാന്‍റ് അടച്ചുപൂട്ടി

By Web TeamFirst Published Mar 13, 2020, 4:44 PM IST
Highlights

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നു. 

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നു. കൊവിഡ് 19  വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. വൈറസ് ബാധ മൂലം ഇറ്റലിയിലെ പ്ലാന്റ് മാർച്ച് 25 വരെ ലംബോർഗിനി താൽക്കാലികമായി അടച്ചിടുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. 

ബ്രാൻഡിന്റെ എല്ലാ കാറുകളും  വടക്കൻ ഇറ്റാലിയൻ നഗരമായ ബൊലോഗ്നയുടെ പ്രാന്തപ്രദേശത്തുള്ള അതിന്റെ ആസ്ഥാന പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ഈ പ്ലാന്‍റാണ് താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.  ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തമാണ് ഈ നടപടിക്ക് പിന്നെലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ലംബോർഗിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റെഫാനോ ഡൊമെനിക്കലി പ്രസ്താവനയിൽ പറഞ്ഞു. 

പലചരക്ക് കടകൾ, ഫാർമസികൾ തുടങ്ങിയവ ഒഴികെ മാർച്ച് 25 വരെ രാജ്യത്തെ എല്ലാ കടകളും അടച്ചുപൂട്ടാൻ ഇറ്റാലിയൻ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ട‍ിരുന്നു. മാത്രമല്ല ലംബോർഗിനിയുടെ സൂപ്പർ കാറുകളുടെ രണ്ടാമത്തെ വലിയ മാർക്കറ്റായ ചൈനയില്‍ വൈറസ് ഉത്ഭവിക്കുകയും വാഹനങ്ങളുടെ ആവശ്യം കുറയുകയും ചെയ്‍തതും പ്ലാന്‍റുകള്‍ പൂട്ടാനുള്ള കമ്പനിയുടെ നീക്കത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കൊവിഡ് 19 മരണങ്ങള്‍ 1000 പിന്നിട്ട ഇറ്റലിയില്‍ കടുത്ത നടപടികളുമായി നീങ്ങുകയാണ് സര്‍ക്കാര്‍. രോഗബാധയെ ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണമുണ്ടായിട്ടും ഐസൊലേറ്റ് ചെയ്യാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മനപ്പൂര്‍വം വൈറസ് പരത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തുക. ആറ് മുതല്‍ 36 മാസം വരെ ശിക്ഷ ലഭിക്കും.

അശ്രദ്ധമൂലവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമൂലം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റം ചുമത്തും. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞിട്ടും ഐസൊലേഷനില്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനപ്രകാരമാണ് നടപടി. പലരും സ്വയം ഐസൊലേഷന് തയ്യാറാകുന്നില്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

click me!