വാഹനപ്രേമികൾക്ക് സുവർണാവസരം; വില കുറഞ്ഞ എസ്‌യുവിയുമായി ലാൻഡ് റോവർ

By Web TeamFirst Published Dec 14, 2019, 3:15 PM IST
Highlights

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കണ്‍സെപ്റ്റായ ഡിസി 100 ല്‍ അടിസ്ഥാനമാക്കിയായിരിക്കും പുതിയ കാര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഡിഫന്‍ഡറിനെ പോലെ ബോക്‌സിയായ രൂപമായിരിക്കില്ല പുത്തന്‍ വാഹനത്തിന്.

കരുത്തിന്‍റെ പ്രതീകമാണ് ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍. കനത്തവില കാരണം ഈ വാഹനം സ്വന്തമാക്കുകയെന്ന സ്വപ്‍നം പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. വില കുറഞ്ഞ എസ്‌യുവിയെ അവതരിപ്പിക്കാന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ 860 എന്ന കോഡ്‌ നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം 2021 ല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കണ്‍സെപ്റ്റായ ഡിസി 100 ല്‍ അടിസ്ഥാനമാക്കിയായിരിക്കും പുതിയ കാര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഡിഫന്‍ഡറിനെ പോലെ ബോക്‌സിയായ രൂപമായിരിക്കില്ല പുത്തന്‍ വാഹനത്തിന്. ടാറ്റ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഒമേഗ പ്ലാറ്റ്‌ഫോമാണിത്. ലാൻഡ് റോവറിന്റെ ഡിസ്‍കവറി 8 ന്റെ ചിലവ് കുറഞ്ഞ പതിപ്പാണ് ഒമേഗ.

1.5 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജിഡ് മിഡ് ഹൈബ്രിഡായിരിക്കും വാഹനത്തിന്‍റെ ഹൃദയമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ വില 25000 യൂറോയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ഫ്രണ്ട് വീൽ ഡ്രൈവിലും പിന്നീട് ഫോർ വീൽ ഡ്രൈവിലും വാഹനം എത്തും. യുകെ വിപണിയിലായീക്കും ആദ്യം വാഹനം പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!