ആ പരിപ്പ് ഇനി വേവില്ല, സിഗ്നല്‍ ലൈറ്റ് ഇനി നടുറോഡില്‍ തെളിയും!

By Web TeamFirst Published Jul 15, 2019, 10:42 AM IST
Highlights

സിഗ്നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്നലുകള്‍ തെളിയുന്ന എല്‍ഇ ഡി സിഗ്നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി

തിരുവനന്തപുരം: ട്രാഫിക് ലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ സിഗ്നല്‍ ലൈറ്റ് കണ്ടില്ലെന്ന് പതിവ് ന്യായം പറയുന്നവരുടെ ശ്രദ്ധയ്ക്ക്. ആ പരിപാടി ഇനിമുതല്‍ നടക്കില്ല. സിഗ്നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്നലുകള്‍ തെളിയുന്ന എല്‍ഇ ഡി സിഗ്നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. 

ഗതാഗതം സുഗമമാക്കാനും ട്രാഫിക് ലംഘനം തടയാനും  ലക്ഷ്യമിടുന്നതിനാണ് ഭൂതല ട്രാഫിക് ലൈറ്റ് സിഗ്‌നല്‍ സംവിധാനം കൊണ്ടുവരുന്നത്. തലസ്ഥാന നഗരിയില്‍ പട്ടം പ്ലാമൂട് ജംഗ്‍ഷനിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം  സ്ഥാപിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 

റോഡിലെ സീബ്രാ ലൈനിനോട് ചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്‌നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സമീപത്തുള്ള ട്രാഫിക് ലൈറ്റില്‍ ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്നതിനനുസരിച്ച് റോഡിലെ ഈ എല്‍ഇഡി ലൈറ്റും തെളിയും.  രാത്രിയില്‍ അരകിലോമീറ്റര്‍ ദൂരെയും പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡിലെ ഈ ലൈറ്റുകള്‍  വ്യക്തമായി  കാണാനാകും.  ഇതോടെ റോഡില്‍ മാത്രം നോക്കി വാഹനം ഓടിക്കാം.   

കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്‌നല്‍ ഡിവിഷന്‍ ടീമിലെ സാങ്കേതിക വിദഗ്ധരാണ് ഈ അത്യാധുനിക സിഗ്നല്‍ ലൈറ്റ് തയ്യാറാക്കിയത്. യൂറി പൊളിത്തീനാണ് ലൈറ്റിന് മുകളിലെ ആവരണം. എട്ട് ടണ്‍ ഭാരം വരെ ഇതിന് താങ്ങാന്‍ കഴിയും. അരലക്ഷത്തോളം രൂപയാണ് ചെലവ്. അപകടനിരക്ക് കുറയ്ക്കുന്നതിനും ഗതാഗത ബോധവത്കരണത്തിനുമാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുന്നവര്‍ക്കുമൊക്കെ പുതിയ സംവിധാനം ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്. 

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ലൈറ്റുകള്‍ക്ക് കേടുപാടുണ്ടാകുമോ എന്നറിയാനും പ്രവര്‍ത്തനശേഷി പരിശോധിക്കാനുമായി ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. 

പട്ടത്ത് സ്ഥാപിച്ച ഈ പുത്തന്‍ സംവിധാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം

Trial run for a new signal system in . Gotta see this in person.

Thoughts? pic.twitter.com/F7Ie1gEaXn

— Nikhil Raj (@thenikraj)
click me!