
രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഉയർന്ന വില സാധാരണക്കാരുടെ ബജറ്റിനെ പലപ്പോഴും താളം തെറ്റിക്കുന്നു. അതുകൊണ്ടുതന്നെ പല വാഹന നിർമ്മാതാക്കളും ഉയർന്ന മൈലേജുള്ളതും താങ്ങാവുന്ന വിലയുള്ളതുമായ കാറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. പെട്രോള്‍, ഡീസൽ എന്നിവ ഉൾപ്പെടെയുള്ള സാധാരണ പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുതിയും സിഎൻജിയും ഇന്ന് മികച്ച ബദലായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും വില കൂടുതലാണ്. അതുകൊണ്ടുതന്നെ പല കമ്പനികളും സിഎൻജി വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതാ മികച്ച മൈലേജ് നൽകുന്ന ചില സിഎൻജി വാഹനങ്ങളെ പരിചയപ്പെടാം.
മാരുതി ഫ്രോങ്ക്സ്
പുതിയ മാരുതി ഫ്രോങ്ക്സ് സിഎൻജി അടുത്തിടെ പുറത്തിറക്കി. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവി കിലോഗ്രാമിന് 28.51 കിലോമീറ്റർ മൈലേജ് നൽകുന്നു. ഫ്രോങ്ക്സിൽ, കമ്പനി 1.2 ലിറ്റർ ശേഷിയുള്ള കെ-സീരീസ് ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. വിപുലമായ ഫീച്ചറുകളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 8.46 ലക്ഷം മുതാലാണ് ഫ്രോങ്ക്സ് സിഎൻജിയുടെ എക്സ് ഷോറൂം വില.
ഹ്യുണ്ടായി എക്സ്റ്റർ
ഹ്യൂണ്ടായ് അടുത്തിടെ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവി എക്‌സ്‌റ്റർ പുറത്തിറക്കി. ഈ എസ്‌യുവിയുടെ സിഎൻജി വേരിയൻ്റ് കിലോഗ്രാമിന് 27 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് കമ്പനി പറയുന്നു. ഈ എസ്‌യുവി 1.2 ലിറ്റർ ബയോ-ഫ്യുവൽ കപ്പ പെട്രോൾ സിഎൻജി എഞ്ചിനിലാണ് വരുന്നത്, ഈ കാറിന് സ്റ്റാൻഡേർഡായി 26 സുരക്ഷാ സവിശേഷതകൾ ഉണ്ട്. അവ എല്ലാ വേരിയൻ്റുകളിലും ലഭ്യമാണ്. 8.43 ലക്ഷം രൂപമുതലാണ് എക്സ്റ്റർ സിഎനജിയുടെ എക്സ് ഷോറൂം വില.
മാരുതി ഗ്രാൻഡ് വിറ്റാര
മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി വേരിയൻ്റിൽ അടുത്തിടെ പുറത്തിറക്കി. ഈ എസ്‌യുവി ഹൈബ്രിഡ് വേരിയൻ്റിലും വരുന്നു. ഇതിൻ്റെ സിഎൻജി വേരിയൻ്റ് 26.6 km/kg മൈലേജ് നൽകുന്നു. മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ, കമ്പനി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകിയിട്ടുണ്ട്, ഇതിന് 6 എയർബാഗുകൾ ഉൾപ്പെടെ നിരവധി അത്ഭുതകരമായ സുരക്ഷാ സവിശേഷതകളുണ്ട്.
പഞ്ച് സിഎൻജി
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സിഎൻജി എസ്‌യുവികളിലൊന്നാണ് ടാറ്റ പഞ്ച്. ടാറ്റ പഞ്ച് സിഎൻജിയിൽ 26.99 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം, പെട്രോൾ എംടിയിൽ (മാനുവൽ) 20.09 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. ടാറ്റ പഞ്ചിൽ സിംഗിൾ പാൻറൂഫ് നൽകിയിട്ടുണ്ട്. 7.10 ലക്ഷം രൂപയിൽ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില. പഞ്ച് സിഎൻജിയിൽ കമ്പനി 1.2 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്, ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുമായി വരുന്ന രാജ്യത്തെ ആദ്യത്തെ സിഎൻജി എസ്‌യുവിയാണിത്.