'സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കില്‍ അടിച്ച് കരണം പൊട്ടിയ്ക്കും! -ഈ നാട്ടുകാരുടെ മുന്നറിയിപ്പ്

By Web TeamFirst Published Nov 17, 2019, 9:26 PM IST
Highlights

വിനോദ സഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല. മരണപ്പാച്ചില്‍ നടത്തുന്ന ജീപ്പ് സര്‍വ്വീസുകളെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 

വാഗമണ്‍: അപകടങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് താക്കീതുമായി വലിയ ഫ്ലക്സ് സ്ഥാപിച്ച് നാട്ടുകാര്‍. 'സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കില്‍ അടിച്ച് കരണം പൊട്ടിയ്ക്കും!. ഉളുപ്പുണ്ണിയില്‍ ട്രെക്കിംങ് ജീപ്പ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് നാട്ടുകാര്‍ ഇത്തരമൊരു ബോര്‍ഡുമായി രംഗത്തെത്തിയത്. 

വിനോദ സഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല. മരണപ്പാച്ചില്‍ നടത്തുന്ന ജീപ്പ് സര്‍വ്വീസുകളെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വാഗമണ്‍-ഉളുപ്പുണ്ണി, വണ്ടിപ്പെരിയാര്‍-സത്രം റൂട്ടിലാണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകള്‍ ചീറിപ്പായുന്ന കാഴ്ച.

കൊടും വളവ്, പാറക്കെട്ടുകള്‍, കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകള്‍ ഇത്തരത്തില്‍ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോള്‍ പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി മാറി നില്‍ക്കുന്നുവെന്നാണ് ആരോപണം. 

അമിത വേഗത കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ച് ഓടിച്ചില്ലെങ്കില്‍ അടികൊടുക്കുമെന്ന് എഴുതേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ ഭാരവാഹികളും പരാതികള്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നതായുള്ള ആരോപണവും ശക്തം. മൂന്നു മാസത്തിനിടെ വാഗമണ്‍- ഉളുപ്പുണ്ണി റൂട്ടില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നു.

click me!