വരുമാനം കുറഞ്ഞവര്‍ക്കും സ്വന്തം വാഹനം; നികുതി കുറയ്ക്കുന്നത് പരിഗണിക്കാന്‍ കേന്ദ്രം

By Web TeamFirst Published Aug 29, 2021, 1:31 PM IST
Highlights

നിലവില്‍ ചെറുകാറുകള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി ഈടാക്കുന്നത്. എസ്‍യുവികള്‍ക്ക് സെസ് അടക്കം കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നിട്ടും എസ്.യു.വി. വില്‍പ്പന കൂടുകയും ചെറുകാറുകള്‍ക്ക് ആവശ്യം കുറയുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍...

ദില്ലി: രാജ്യത്ത് വിവിധവിഭാഗങ്ങളിലെ വാഹനനികുതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  വാഹനനിര്‍മാതാക്കളുടെ കൂട്ടായ്‍മയായ സിയാമിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കേന്ദ്ര റവന്യൂ സെക്രട്ടറി തരുണ്‍ ബജാജാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഹിന്ദു ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളുകള്‍ക്ക് വാഹനം കൂടുതല്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. വിവിധ വാഹനവിഭാഗങ്ങളില്‍ തുടര്‍ച്ചയായി മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിലും ഇളവുണ്ടാകുമെന്ന് പറയാനാകില്ലെന്നും ചില വിഭാഗങ്ങളില്‍ പ്രോത്സാഹന നടപടി ആകാമെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചെറുകാറുകള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി ഈടാക്കുന്നത്. എസ്‍യുവികള്‍ക്ക് സെസ് അടക്കം കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നിട്ടും എസ്.യു.വി. വില്‍പ്പന കൂടുകയും ചെറുകാറുകള്‍ക്ക് ആവശ്യം കുറയുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും വിലയിരുത്താനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ വില്‍പ്പനവളര്‍ച്ചയും വാഹനവിലയും സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിനു കൈമാറാനും വന്യൂ സെക്രട്ടറി നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും ആവശ്യപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും സിയാം അറിയിച്ചു.

ഏതാനും വര്‍ഷങ്ങളായി വാഹനവിപണി മാന്ദ്യത്തിലാണെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രാ വാഹനവില്‍പ്പന 2015 -16 വര്‍ഷത്തെ നിലവാരത്തേക്കാള്‍ താഴെയായിരുന്നുവെന്നും സിയാം പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഓട്ടോമൊബൈൽ വിൽപ്പനയിലെ വളർച്ച കുറഞ്ഞു, ആദ്യം 2019 ലെ സാമ്പത്തിക മാന്ദ്യവും തുടർന്ന് 2020 മുതൽ പകർച്ചവ്യാധിയും കച്ചവടത്തെ ബാധിച്ചു. ഇരുചക്ര വാഹനവിപണി 2014 -15 വര്‍ഷത്തേക്കാളും വാണിജ്യവാഹന വില്‍പ്പന 2010 -11 വര്‍ഷത്തേക്കാളും മുച്ചക്രവാഹന വില്‍പ്പന 2002 -03 നിലവാരത്തിലും താഴെയാണുള്ളത്. അടുത്തിടെ, സെമി കണ്ടക്ടറുകളുടെ ആഗോള അഭാവം പോലുള്ള പ്രശ്‍നങ്ങളും വിൽപ്പനയെ തടസ്സപ്പെടുത്തി.

വരുമാനം കുറഞ്ഞവര്‍ക്ക് വാഹനം സ്വന്തമാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണെന്നാണ് മാരുതി ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ പറയുന്നത്. അതുകൊണ്ടു തന്നെ വാഹന നികുതി ഉള്‍പ്പെടെ കുറയ്ക്കുന്നത് സാധാരണക്കാരന്‍റെ വാഹനം വാങ്ങാനുള്ള സ്വപ്‍നങ്ങളെ സാക്ഷാല്‍ക്കരിക്കും എന്നാണ് ഈ മേഖലയിലുള്ളവര്‍ കരുതുന്നത്.

click me!