ഫോർഡിനേയും ജിഎമ്മിനെയും തോല്‍പ്പിച്ച് ടെസ്‌ലയുടെ എതിരാളി

By Web TeamFirst Published Nov 17, 2021, 2:12 PM IST
Highlights

ഫോർഡ് മോട്ടോറിന്റെ 79 ബില്യൺ ഡോളറും ജനറൽ മോട്ടോറിന്റെ 90 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലൂസിഡിന്റെ ആസ്‍തി ഇപ്പോൾ 91 ബില്യണില്‍ അധികം ഡോളറാണ്. 

കാലിഫോർണിയ (California) ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡിന്റെ (Lucid) മൂല്യം ഏകദേശം 100 ബില്യൺ ഡോളറായി ഉയർന്നതായി റിപ്പോര്‍ട്ട്. ഇത് ഡെട്രോയിറ്റിലെ (Detroit) വലിയ കമ്പനികളായ ഫോർഡ് മോട്ടോർ (Ford Motor), ജനറൽ മോട്ടോഴ്‌സ് (GM) തുടങ്ങിയ ഐക്കണിക്ക് കാർ നിർമ്മാതാക്കളേക്കാൾ മൂല്യമുള്ളതാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി വിലകൾ 25 ശതമാനത്തോളം ഉയർന്നതിനാൽ ലൂസിഡ് ചൊവ്വാഴ്‍ച മൂല്യനിർണ്ണയത്തിൽ 17 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളായ ടെസ്‌ലയ്‌ക്ക് എതിരാളിയായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറുമായി ഇറങ്ങിയ കമ്പനിയാണ് ലൂസിഡ്. ഫോർഡ് മോട്ടോറിന്റെ 79 ബില്യൺ ഡോളറും ജനറൽ മോട്ടോറിന്റെ 90 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലൂസിഡിന്റെ ആസ്‍തി ഇപ്പോൾ 91 ബില്യണില്‍ അധികം ഡോളറാണ്. അടുത്ത വർഷം 20,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെയാണ് ലൂസിഡിന്റെ ഓഹരിവിലകൾ അതിവേഗം കുതിച്ചുയര്‍ന്നത്. 

ലൂസിഡ് അതിന്റെ ഇലക്ട്രിക് കാറുകളുടെ ഉത്പാദനം സെപ്റ്റംബറിൽ ആണ് ആരംഭിച്ചത്. ഡെലിവറികൾ ഒക്ടോബർ 31 നും തുടങ്ങി.  സെപ്റ്റംബർ 30-ഓടെ ബുക്കിംഗ് 13,000-ൽ എത്തിയിരുന്നു. ആദ്യത്തെ ഇലക്ട്രിക് കാറിന് ഇതുവരെ 17,000-ലധികം ബുക്കിംഗുകൾ ലഭിച്ചതായി ലൂസിഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിസോണയിലെ കാസ ഗ്രാൻഡെയിൽ പ്ലാന്‍റിലാണ് കമ്പനി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മിച്ച ഈ പ്ലാന്‍റ് കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്.

ലൂസിഡിന്റെ ആദ്യ ലക്ഷ്വറി ഇലക്ട്രിക് സെഡാൻ എയർ ഡ്രീം എഡിഷന് 830 കിലോമീറ്ററില്‍ അധികം റേഞ്ച് ലഭിച്ചിട്ടുണ്ട്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് വാഹനമാണ്. ഒറ്റ ചാർജിൽ 520 മൈൽ (823 കി.മീ) ഔദ്യോഗിക റേഞ്ച് ഉള്ള ലൂസിഡ് എയർ ഡ്രീം എഡിഷനെ യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് റേറ്റുചെയ്‍തത്. 651 കിലോമീറ്റർ റേഞ്ചുള്ള ടെസ്‌ല മോഡൽ എസ് ലോംഗ് റേഞ്ചിനേക്കാൾ 200 കിലോമീറ്റർ കൂടുതലാണിത്.

മുമ്പ് ടെസ്‌ലയുടെ മോഡൽ എസ് സെഡാനിൽ ചീഫ് എഞ്ചിനീയറായിരുന്നു ലൂസിഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പീറ്റർ റൗലിൻസൺ. വിപണിയിൽ നിലവിലുള്ള വാഹനങ്ങളുടെ പ്രകടനത്തെ തോല്‍പ്പിക്കാന്‍ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യ ലൂസിഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് ഡീൽ മേക്കർ മൈക്കൽ ക്ലെയിൻ പിന്തുണയ്‌ക്കുന്ന ഒരു കമ്പനിയുമായുള്ള ലയനത്തിന് ശേഷം ജൂലൈയിൽ ലൂസിഡ് നാസ്‌ഡാക്കിലും അരങ്ങേറ്റം കുറിച്ചു. ഡ്രീം എഡിഷൻ എയർ സെഡാന്റെ ഏകദേശം 600 യൂണിറ്റുകൾ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

click me!