Latest Videos

പിടിച്ചെടുത്ത കാറുമായി പൊലീസുകാർ കറങ്ങാന്‍ പോയി; ഉടമ ജിപിഎസിട്ട് വണ്ടി പൂട്ടി!

By Web TeamFirst Published Mar 5, 2020, 3:12 PM IST
Highlights

രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഉടമകളില്‍ ഒരാളുടെ വാഹനമായ മഹീന്ദ്ര സ്കോര്‍പിയോ പൊലീസ് പിടിച്ചെടുത്തത്. 

ലഖ്നൗ: പിടിച്ചെടുത്ത കാറിൽ 'ഉല്ലാസ യാത്ര' നടത്തിയ പൊലീസുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഉടമ. ട്രാക്കിം​ഗ് സംവിധാനത്തിലൂടെ ലോക്ക് ചെയ്താണ് പൊലീസുകാരെ ഉടമ കുടുക്കിയത്. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഗോംതി നഗര്‍ പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് അമളി പിണഞ്ഞത്. 

രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഉടമകളില്‍ ഒരാളുടെ വാഹനമായ മഹീന്ദ്ര സ്കോര്‍പിയോ പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍, ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതോടെ കാര്‍ തിരിച്ചെടുക്കാന്‍ ഉടമയോട് പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കാറെടുക്കാനായി ബുധനാഴ്ച സ്റ്റേഷനിലെത്തിയപ്പോൾ കാര്‍ അവിടെ ഉണ്ടയിരുന്നില്ല.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാറിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ സ്റ്റേഷനില്‍ നിന്നും 143 കിമി ദൂരത്ത് ലഖിംപൂര്‍ കേരിയ എന്ന സ്ഥലത്താണ് കാര്‍ ഉള്ളതെന്ന് ഉടമ കണ്ടെത്തി. ഉടന്‍ തന്നെ ഇയാൾ മൊബൈല്‍ ആപ് ഉപയോഗിച്ച് കാര്‍ ലോക്കും ചെയ്തു. ഇതോടെയാണ് പൊലീസുകാർ വണ്ടിയിൽ അകപ്പെട്ടത്. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം ഉടമ തന്നെ ലോക്ക് മാറ്റുകയായിരുന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് പൊലീസ് ഉദ്യോ​ഗസ്ഥർ വാഹനത്തിൽ അകപ്പെട്ടത്. 

അതേസമയം, കൊലപാതകക്കേസിൽ ഉൾപ്പെട്ട ഒരാളുടെ മൊഴി എടുക്കാനാണ് ലഖിംപൂരിലേക്ക് പോയതെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. സംഭവം വിവാദമായതോടെ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലഖ്നൗ കമ്മീഷ്ണര്‍ സുജിത് പാണ്ഡേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

click me!