ആ കിടിലന്‍ ജീപ്പ് സ്വന്തമാക്കി ധോണി, ഇന്ത്യയിലെ ആദ്യത്തേതെന്ന് ഭാര്യ!

By Web TeamFirst Published Aug 13, 2019, 9:58 PM IST
Highlights

ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണിയുടെ ഭാര്യ സാക്ഷി ധോണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവകാശപ്പെട്ടത്

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനശേഖരത്തിലെ പുതിയ അതിഥിയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ വാഹനലോകത്തെയും കായികലോകത്തെയും ചര്‍ച്ചാവിഷയം. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡലാണ് ധോണിയുടെ ഗാരേജിലെത്തിയത്.  ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണിയുടെ ഭാര്യ സാക്ഷി ധോണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവകാശപ്പെട്ടത്. 

വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു കാറുമാണിത് എന്നായിരുന്നു സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.   ഏകദേശം 1.12 കോടി രൂപയാണ് വാഹനത്തിന്റെ വില. 

ഇന്ത്യയില്‍ വില്‍പനയ്ക്കില്ലാത്ത ഈ മോഡല്‍ ധോണിക്ക് വേണ്ടി ഇറക്കുമതി ചെയ്‍തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി മോഡലിന് സമാനമാണ് ചെറോക്കി ട്രാക്ക്‌ഹോക്ക്.  മാസീവ് 6.2 ലിറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 707 ബിഎച്ച്പി പവറും 875 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. ജീപ്പ് നിരയിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവും വേഗമേറിയ എസ്‍യുവിയും ഇതാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.62 സെക്കന്‍ഡ് മതി ചെറോക്കി ട്രാക്ക്‌ഹോക്കിന്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍. 

കശ്‍മീരില്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട് റെജിമെന്റിനൊപ്പം പരിശീലനത്തിലാണ്. വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് കമ്പമുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.


 

click me!