'ചൈനീസ്' വാഹനങ്ങളുടെ വില്‍പ്പന തുടങ്ങി അമേരിക്കന്‍ കമ്പനി!

By Web TeamFirst Published Jan 3, 2020, 12:16 PM IST
Highlights

ചൈനയില്‍ ചാന്ദ്ര വര്‍ഷം ആരംഭിക്കുന്ന ജനുവരി 25 ന് മുമ്പ് ഷാംഗ്ഹായ് ഫാക്റ്ററിയില്‍ നിര്‍മിച്ച കാറുകളുടെ ഡെലിവറി ആരംഭിക്കണമെന്ന ആഗ്രഹമാണ് ടെസ്‍ല യാഥാര്‍ത്ഥ്യമാക്കിയത്. 

പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ലയുടെ യുഎസിന് വെളിയിലുളള ആദ്യ നിര്‍മ്മാണ യൂണിറ്റ് ചൈനയിലാണ്. ഇപ്പോഴിതാ ചൈനയിലെ ഷാംഗ്ഹായ് ഫാക്റ്ററിയില്‍ നിര്‍മിച്ച ടെസ്‍ല മോഡല്‍ 3 ഇലക്ട്രിക് കാറുകളുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി.

പതിനഞ്ച് ടെസ്‍ല ജീവനക്കാര്‍ക്കാണ് മോഡല്‍ 3 സെഡാന്‍ കൈമാറിയത്. 3,55,800 യുവാനാണ് (50,000 യുഎസ് ഡോളര്‍) ചൈനീസ് നിര്‍മിത മോഡല്‍ 3 സെഡാന്റെ വില. കൂടാതെ, ഇലക്ട്രിക് കാറിന് സബ്‌സിഡികള്‍ ലഭിക്കും. ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന മോഡല്‍ 3 സെഡാന്റെ ലോംഗ് റേഞ്ച് വേരിയന്റിന് 4,39,000 യുവാനാണ് വില. റേഞ്ച് പ്ലസ് വേരിയന്റിന് യുഎസ്സിലെ വില 40,000 ഡോളറിന് താഴെയാണ്.

ചൈനയില്‍ ഫാക്റ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. ചൈനയില്‍ ചാന്ദ്ര വര്‍ഷം ആരംഭിക്കുന്ന ജനുവരി 25 ന് മുമ്പ് ഷാംഗ്ഹായ് ഫാക്റ്ററിയില്‍ നിര്‍മിച്ച കാറുകളുടെ ഡെലിവറി ആരംഭിക്കണമെന്ന ആഗ്രഹമാണ് ടെസ്‍ല യാഥാര്‍ത്ഥ്യമാക്കിയത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള വാഹന നിര്‍മാതാക്കളുടെ കാര്യത്തില്‍ ഇതൊരു റെക്കോര്‍ഡാണ്. 2018 ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‍ല പ്ലാന്‍റിനായി സ്ഥലം ഏറ്റെടുത്തത്. 2019 ഒക്ടോബറില്‍ ടെസ്‌ലയുടെ കാറുകള്‍ ചൈനയില്‍ നിര്‍മ്മിക്കാനുള്ള അനുമതി കമ്പനിക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കി.

വെറും 357 ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്‍ലയുടെ ഷാംഗ്ഹായ് ഫാക്റ്ററി പ്രവര്‍ത്തനമാരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയില്‍ ഫാക്റ്ററി പണിതത്. യുഎസ് ചൈന വ്യാപാര യുദ്ധം തങ്ങളില്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കുകയെന്നതും ലക്ഷ്യമാണ്. ഇതിനുമുമ്പ് ചൈനയില്‍ വിറ്റിരുന്ന എല്ലാ കാറുകളും ടെസ്‍ല ഇറക്കുമതി ചെയ്യുകയായിരുന്നു.

ചൈനീസ് നിര്‍മിത മോഡല്‍ 3 ഇലക്ട്രിക് കാറുകള്‍ ഇനി ചൈനയിലെ വലിയ തെരുവീഥികളിലും ചെറു വഴികളിലും ഇനി മുതല്‍ ഓടിത്തുടങ്ങുമെന്ന് ചടങ്ങില്‍ സംസാരിച്ച ടെസ് ല വൈസ് പ്രസിഡന്റ് താവോ ലിന്‍ പറഞ്ഞു. ടെസ് ല ജീവനക്കാര്‍ കൂടാതെ ഷാംഗ്ഹായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഡെലിവറി ചെയ്യുന്ന മോഡല്‍ 3 കാറുകളുടെ എണ്ണം ജനുവരിയില്‍ വര്‍ധിപ്പിക്കുമെന്ന് ടെസ് ല ചൈന ജനറല്‍ മാനേജര്‍ വാംഗ് ഹാവോ പറഞ്ഞു.

ഷാംഗ്ഹായ് ഫാക്റ്ററി സ്ഥാപിക്കുന്നതിന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്ക് ചൈനീസ് സര്‍ക്കാരില്‍നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. പൂര്‍ണമായും വിദേശ ഉടമസ്ഥതയിലുള്ള ചൈനയിലെ ആദ്യ കാര്‍ നിര്‍മാണശാലയാണ് ടെസ് ലയുടെ ഷാംഗ്ഹായ് ഫാക്റ്ററി. സ്വന്തം വാഹന വിപണി തുറന്നുകൊടുക്കാനുള്ള ചൈനയുടെ മനംമാറ്റത്തെയാണ് ഷാംഗ്ഹായ് ഫാക്റ്ററി പ്രതിഫലിപ്പിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ ചൈനയിലെ സര്‍വീസ് സെന്ററുകളുടെയും അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെയും എണ്ണം ഇരട്ടിയാക്കാനാണ് ടെസ് ല തീരുമാനിച്ചിരിക്കുന്നത്. വില്‍പ്പനാനന്തര സര്‍വീസുകള്‍ നടത്തുന്നതിന് ജീവനക്കാരുടെ എണ്ണം നിലവിലെ 600 ല്‍ നിന്ന് 1,500 ആയി വര്‍ധിപ്പിക്കും. നിലവില്‍ ആഴ്ച്ചയില്‍ ആയിരം കാറുകളാണ് നിര്‍മിക്കുന്നത്, പ്രതിദിനം 280 ഓളം കാറുകള്‍. ചൈനീസ് നിര്‍മിത സെഡാന്റെ വില്‍പ്പന ഇതുവരെ വളരെ മികച്ചതാണെന്ന് വാംഗ് പറഞ്ഞു.

ഷാങ്ങായി പ്ലാന്റിന് 121 ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണിത് സ്ഥിതി ചെയ്യുന്നത്. വിതരണം ചെയ്യുന്ന മോഡല്‍ 3 ഇലക്ട്രിക് കാറുകളുടെ എണ്ണം അടുത്ത മാസം മുതല്‍ വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ടെസ്‍ല തങ്ങളുടെ ഷാംഗ്ഹായ് ഫാക്റ്ററി നിര്‍മിച്ചത്. 

click me!