റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 വിദേശത്തേക്കും

By Web TeamFirst Published Nov 18, 2020, 11:47 AM IST
Highlights

ഇപ്പോഴിതാ ഈ വാഹനത്തെ വിദേശ വിപണികളിൽ വിൽപനയ്ക്കെത്തിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ മീറ്റിയോര്‍ 350നെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 

ഇപ്പോഴിതാ ഈ വാഹനത്തെ വിദേശ വിപണികളിൽ വിൽപനയ്ക്കെത്തിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പും അമേരിക്കയുമടക്കമുള്ള വിപണികളിലേക്കു മീറ്റിയോർ 350 വിപണനം വ്യാപിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാന്തര വിപണികളിൽ കമ്പനിയുടെ ബൈക്കുകൾക്ക് ആവശ്യക്കാരേറുകയാണെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നത്. 

ചെന്നൈയ്ക്കു പുറത്ത് കമ്പനിയുടെ ആദ്യ അസംബ്ലി പ്ലാന്റ് അര്‍ജന്‍റീനയിലാണ്. 2018 മുതൽ ബുള്ളറ്റ് ശ്രേണിയുടെ ഇവിടുത്തെ വിതരണക്കാരായ ഗ്രുപ്പൊ സിംപയുമായി സഹകരിച്ചാണ്  ഈ പ്ലാന്‍റ്. ബ്യൂണസ് അയേഴ്സിനു സമീപം കംപാനയിൽ ഗ്രുപ്പൊ സിംപയ്ക്കുള്ള നിർമാണശാലയിലാണു റോയൽ എൻഫീൽഡിന്റെ അസംബ്ലിങ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു നിലവിൽ അർജന്റീനയിൽ മാത്രമാണു റോയൽ എൻഫീൽഡിന് വാഹന അസംബ്ലിങ് സൗകര്യമുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഈ ശാലയിൽ ‘ഹിമാലയൻ’, ‘ജി ടി’ ഇരട്ടകളായ ‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’ എന്നിവയാണു കമ്പനി നിർമിക്കുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വിപണന സാധ്യത പരിഗണിച്ച് ഉടൻ തന്നെ ‘മീറ്റിയോർ 350’ മോട്ടോർ സൈക്കിളുകളും ബ്യൂണസ് അയേഴ്സിനു സമീപത്തെ ശാലയിൽ ഉൽപ്പാദനം ആരംഭിച്ചേക്കും.

അടുത്ത 12 മാസത്തിനകം തായ്‌ലൻഡിൽ അസംബ്ലിങ് ശാല സ്ഥാപിക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്. അതിനുശേഷം ബ്രസീലിലും പുതിയ അസംബ്ലിങ് ശാല സജ്ജീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം ലാറ്റിൻ അമേരിക്കയിലെ പ്രധാന വിപണികൾ ബ്രസീലും അർജന്റീനയും കൊളംബിയയുമാണ്. ഇടത്തരം മോട്ടോർ സൈക്കിളുകളുടെ വിൽപന പരിഗണിച്ചാൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ വിപണി അർജന്റീന തന്നെ. ഇതു പരിഗണിച്ച് അർജന്റീനയിൽ അഞ്ചു സ്റ്റോറുകൾ റോയൽ എൻഫീൽഡ് തുറന്നിരുന്നു. വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായി 31 സ്റ്റോറുകളും 40 റീട്ടെയ്ൽ ടച് പോയിന്റുകളുമാണു റോയൽ എൻഫീൽഡിനുള്ളത്.

ആഗോളതലത്തിലാവട്ടെ അറുപതോളം രാജ്യങ്ങളിലാണു നിലവിൽ റോയൽ എൻഫീൽഡിന്റെ മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുന്നത്. 82 ബ്രാൻഡ് സ്റ്റോറുകൾക്കു പുറമെ ഇന്ത്യയ്ക്കു പുറത്ത് അറുനൂറ്റി അറുപതോളം ഡീലർഷിപ്പുകളും റോയൽ എൻഫീൽഡിനുണ്ട്. മിൽവൗകി, ലണ്ടൻ, പാരിസ്, മാഡ്രിഡ്, ബാഴ്സലോന, മെൽബൺ, സാവോപോളൊ, ബൊഗോട്ട, മെഡെലിൻ, മെക്സിക്കോ സിറ്റി, ബ്യൂണസ് അയേഴ്സ്, ദുബായ്, ബാങ്കോക്ക്, ജക്കാർത്ത്, മനില, ഹോചിമിൻ സിറ്റി തുടങ്ങിയ നഗരങ്ങളിലൊക്കെ റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. 

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്‍റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350-യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 

പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബിഎച്ച്പി പവറും 27 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവലായിരിക്കും  ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍.സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.

അടിസ്ഥാന വേരിയന്റായ ഫയര്‍ബോള്‍ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലും സ്‌റ്റെല്ലാര്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ഉയര്‍ന്ന വകഭേദമായ സൂപ്പര്‍നോവ ബൗണ്‍-ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് നിരത്തുകളിലെത്തുക. മുന്നില്‍ 41 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ളതുമായ ട്യൂബ്‌ലെസ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിങ്ങ് കാലിപ്പേര്‍സുള്ള 300 എം.എം ഡിസ്‌ക് മുന്നിലും 270 എം.എം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. 

ഹോണ്ടയുടെ ഹൈനെസ് സിബി350, ജാവയുടെ ഇരട്ടകൾ , ബെനെലി ഇംപേരിയാലെ 400 സഹോദരന്‍ ക്ലാസിക് 350 തുടങ്ങിയവരായിരിക്കും വിപണിയിലും നിരത്തിലും മീറ്റിയോറിന്റെ മുഖ്യ എതിരാളികൾ. 

click me!