
രാജ്യതലസ്ഥാനമായ ഡൽഹിയിൽ മലിനീകരണ തോത് തുടർച്ചയായി വഷളാകുന്നു. അതേസമയം, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ അന്തരീക്ഷവും മോശമാവുകയാണ്. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങളാണ് മലിനീകരണം കൂടാൻ കാരണം. ഈ വാഹനങ്ങളിൽ നിന്നുയരുന്ന പുക അന്തരീക്ഷത്തിൽ വിഷം കലർത്തുകയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ഒരു കമ്മറ്റി രൂപീകരിച്ചു. മുംബൈ മെട്രോപൊളിറ്റൻ ഏരിയയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത പഠിക്കാനാണ് മഹാരാഷ്ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചതെന്ന് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 22-ലെ സർക്കാർ പ്രമേയം (ജിആർ) പ്രകാരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സമിതി മൂന്നു മാസത്തിനകം അതിൻ്റെ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് പഠിച്ച് സമർപ്പിക്കും. മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മീഷണർ, മുംബൈയിലെ ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്), മഹാനഗർ ഗ്യാസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ, മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിൻ്റെ (മഹാവിതരൺ), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) പ്രസിഡൻ്റ്, ജോയിൻ്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-1) മെമ്പർ സെക്രട്ടറിയാണ് മറ്റ് പാനലിസ്‌റ്റുകൾ. ജിആർ പ്രകാരം ഈ മേഖലയിലെ വിദഗ്ധരെ സഹ അംഗങ്ങളായി ഉൾപ്പെടുത്താനും അവരിൽ നിന്ന് ഫീഡ്‌ബാക്ക് നേടാനും കമ്മിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (എംഎംആർ) സമീപ പ്രദേശങ്ങളായ താനെ, റായ്ഗഡ്, പാൽഘർ ജില്ലകളും ഉൾപ്പെടുന്നു.
മുംബൈയിലെ വായു വിഷലിപ്തമാകുന്നു
ഓപ്പൺ സോഴ്‌സ് എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്‌ഫോം അനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുംബൈയിലെ വായു ഗണ്യമായി വഷളായിട്ടുണ്ട്. AQI 2020 മുതൽ ഏകദേശം 12 ശതമാനം വർദ്ധിച്ചു. വാഹനങ്ങളിൽ നിന്നുള്ള പുക, വൻകിട നിർമാണ പദ്ധതികൾ തുടങ്ങി മുംബൈയിലെ മോശം വായുവിന് നിരവധി കാരണങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നത്.
ബോംബെ ഹൈക്കോടതി നിർദേശം
സംസ്ഥാനത്ത് ഓടുന്ന പെട്രോൾ-ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ മഹാരാഷ്ട്ര സർക്കാരിനോട് അടുത്തിടെ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചരുന്നു. ജനുവരി 9-ന് സ്വമേധയാ (സ്വന്തമായി) ഒരു പൊതുതാൽപര്യ ഹരജി കേൾക്കവേ, മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്കിലും വർധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ചും ജീവിതനിലവാരം, പരിസ്ഥിതി, മൊത്തത്തിലുള്ള സുസ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിലും ബോംബെ ഹൈക്കോടതി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ജനുവരി 22ന് സർക്കാർ ഏഴംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവയാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ മുന്നിലുള്ള വെല്ലുവിളികൾ
മഹാരാഷ്ട്രയിൽ വായുനിലവാരം മെച്ചപ്പെടുത്താൻ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതേ സമയം സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ മുംബൈയിൽ ഇലക്‌ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചാർജിംഗ് സ്റ്റേഷനുകളും കുറവാണ്. കൂടാതെ, മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് നിത്യേന സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ജോലിയെ ബാധിച്ചേക്കാം.