വില 32 ലക്ഷം, ഈ വണ്ടിയുടെ ആദ്യ യൂണിറ്റ് രാഷ്‍ട്രത്തലവന് സമ്മാനിച്ച് മഹീന്ദ്ര!

By Web TeamFirst Published Sep 7, 2020, 12:29 PM IST
Highlights

കറുപ്പു നിറത്തിലുള്ളതാണ് മഹീന്ദ്ര രാഷ്ട്രത്തലവന് കൈമാറിയ വാഹനം. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി വാഹനം സ്വീകരിച്ചു

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഫ്ഷാഗ്ഷിപ്പ്‌ മോഡലാണ് ആള്‍ട്ടുറാസ് ജി4. ഈ പ്രീമിയം എസ്‌യുവിയുടെ ബിഎസ്-6 പതിപ്പ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് ഇന്ത്യന്‍ രാഷ്‍ട്രപതിക്ക് കൈമാറിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. കറുപ്പു നിറത്തിലുള്ളതാണ് മഹീന്ദ്ര രാഷ്ട്രത്തലവന് കൈമാറിയ വാഹനമെന്നും രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി വാഹനം സ്വീകരിച്ചു എന്നും റഷ് ലൈന്‍ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

രാഷ്ട്രപതിക്ക് കൈമാറുന്നതിന് മുമ്പ് ആൾടുറാസിന് എന്തെങ്കിലും പ്രത്യേക കസ്റ്റമൈസേഷനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മെർസിഡീസ് ബെൻസ് S-ക്ലാസ് (S600) പുൾമാൻ ഗാർഡാണ് ഇന്ത്യന്‍ രാഷ്‍ട്രപതിയുടെ ഔദ്യോഗിക വാഹനം. അതുകൊണ്ടു തന്നെ രാഷ്ട്രപതിഭവന്‍ മഹീന്ദ്രയുടെ ഈ സമ്മാനം എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല. രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായി ആൾടുറാസിനെ നിയമിക്കുന്നതില്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ഏപ്രിലിലാണ് ആള്‍ട്ടുറാസിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം വില കൂടി. 

എഞ്ചിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ഒഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും പുത്തന്‍ അള്‍ട്ടുറാസില്‍ നല്‍കിയിട്ടില്ല. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പവറിലും ടോര്‍ക്കിലും മറ്റം വരുത്തിയിട്ടില്ല. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 

ഇത്തവണ ഡിസൈനില്‍ കൈവയ്ക്കാതെ എന്‍ജിന്‍ മാത്രം മാറ്റം വരുത്തിയാണ് ആള്‍ട്ടുറാസ് ജി4 എത്തുന്നത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ വേറിട്ടതാക്കുന്നു. 

ഇന്‍റീരിയര്‍ ഫീച്ചര്‍ സമ്പന്മാണ്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. 2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികളാണ് വാഹനത്തിന്‍റെ എതിരാളികള്‍. 

click me!