ഇത്തരമൊരു വാഹനം ഇന്ത്യയില്‍ ആദ്യം, പിന്നില്‍ മഹീന്ദ്ര!

By Web TeamFirst Published Jul 8, 2020, 3:19 PM IST
Highlights

ഈ വാഹനം  ഈ വര്‍ഷം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിരത്തുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ആറ്റം എന്നാണ് മഹീന്ദ്ര ഇതിന് നല്‍കിയിരിക്കുന്ന പേര്. ആറ്റത്തിന്റെ ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന പുതിയ ടീസര്‍ എത്തി. ഈ വാഹനം  ഈ വര്‍ഷം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചതുരാകൃതിയില്‍ കാഴ്ചയില്‍ വളരെ ക്യൂട്ടായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാമ്പ്, ഇതിനുതാഴെയായി നല്‍കിയിട്ടുള്ള എയര്‍ ഇന്‍ടേക്ക്, മുന്നിലേയും പിന്നിലേയും റിഫ്ളക്ഷന്‍ സ്ട്രിപ്പുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍, ത്രിപ്പിള്‍ പോഡ് ടെയ്ല്‍ലാമ്പ് എന്നിവ അടങ്ങുന്നതാണ് ഈ വാഹനത്തിന്റെ ഡിസൈന്‍. പരമാവധി യാത്രാ സുഖവും കൂടുതല്‍ ഇന്റീരിയര്‍ സ്‌പേസും അധിക ലഗേജ് സൗകര്യവുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്ര എന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. ഈ വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. രണ്ട് ഡോറുകളുള്ള ഈ വാഹനത്തില്‍  മുന്‍നിരയില്‍ ഒരു സീറ്റും പിന്നില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ബഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്. 

15 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. അഡ്വാന്‍സ്ഡ് തെര്‍മല്‍ മാനേജ്‌മെന്റ് സംവിധാനത്തില്‍ എത്തുന്ന ഈ ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

ബജാജ് ക്യൂട്ട് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏക ക്വാഡ്രിസൈക്കിള്‍. അതുകൊണ്ടു ക്യൂട്ട് തന്നെയായിരിക്കും മഹീന്ദ്ര ആറ്റത്തിന്റെ എതിരാളി. എന്നാല്‍ ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനമല്ല. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ക്യൂട്ടില്‍ ഉപയോഗിക്കുന്നത്.

150 കോടി രൂപയുടെ നിക്ഷേപമാണ്  മഹീന്ദ്ര ഇതുവരെ ക്വാഡ്രിസൈക്കിളുകള്‍ക്കായി നടത്തിയിരിക്കുന്നത്. ബെംഗളൂരു പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപയും ചെലവഴിച്ചു. കൂടാതെ, ബെംഗളൂരുവിലെ ഗവേഷണ വികസന കേന്ദ്രത്തിനായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് കെയുവി 100, ഇലക്ട്രിക് എക്‌സ്‌യുവി 300 എന്നിവ നിര്‍മ്മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ കമ്പനി 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

click me!