മഹീന്ദ്ര ഇ-കെയുവി 100 എത്തി

Web Desk   | Asianet News
Published : Feb 07, 2020, 11:12 PM IST
മഹീന്ദ്ര ഇ-കെയുവി 100 എത്തി

Synopsis

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പൂര്‍ണ വൈദ്യുത വാഹനമായ മഹീന്ദ്ര ഇ-കെയുവി 100 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പൂര്‍ണ വൈദ്യുത വാഹനമായ മഹീന്ദ്ര ഇ-കെയുവി 100 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ച വാഹനമാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ഫെയിം 2 സബ്‌സിഡിയോടുകൂടി 8.25 ലക്ഷം രൂപയാണ് 5 സീറ്റര്‍ ഇലക്ട്രിക് വാഹനത്തിന് ദില്ലി എക്‌സ് ഷോറൂം വില. ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന കെയുവി 100 എന്‍എക്‌സ്ടി മോഡലിനേക്കാള്‍ ഏകദേശം 23,000 രൂപ മാത്രം കൂടുതല്‍. ഇതോടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറെന്ന പേര് മഹീന്ദ്രയുടെ ഇ കെയുവി 100 സ്വന്തമാക്കി. 

40 കിലോവാട്ട് മോട്ടോറാണ് മഹീന്ദ്ര ഇ-കെയുവി 100 ഇലക്ട്രിക് വാഹനത്തിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 53 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. 15.9 കിലോവാട്ട് അവര്‍ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. സിംഗിള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സാധാരണ ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 5.45 മണിക്കൂര്‍ വേണം. എന്നാല്‍ അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 55 മിനിറ്റ് മതി.

നിലവിൽ വിപണിയിലുള്ള പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കെയുവി 100 എന്‍എക്‌സ്‍ടി മോഡലും ഇ-കെയുവി 100 ഉം തമ്മില്‍ കുറച്ച് സ്‌റ്റൈലിംഗ് മാറ്റങ്ങളുണ്ട്. മുന്നിലെ ഗ്രില്‍ അടച്ചു. മുന്നിലെ ഫെന്‍ഡറിന് തൊട്ടുമുകളില്‍ ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ക്ക് പുതിയ ഗ്രാഫിക്‌സ് നല്‍കി. കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സവിശേഷതകളാണ്.

ഇ–കെയുവി 100 കൂടാതെ കൺവർട്ടിബിൾ എസ്‌യുവിയുടെ കൺസെപ്റ്റ് മോഡലും ഇ–എക്സ്‌യുവി 300–ഉം മഹീന്ദ്ര ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ