പിന്തിരിഞ്ഞോടില്ല, പോരാട്ടം തുടരാന്‍ മഹീന്ദ്രയും 'സ്രാവും'!

By Web TeamFirst Published May 17, 2021, 9:28 AM IST
Highlights

അഭ്യൂഹങ്ങളെയും കിംവദന്തികളെയും അപ്പാടെ തള്ളിക്കളഞ്ഞ് മഹീന്ദ്ര

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയെന്ന പേരോടെ മൂന്നുവര്‍ഷം മുമ്പാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും ഇപ്പോള്‍ മരാസോയ്ക്ക് കഷ്‍ടകാലമാണെന്നായിരുന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മരാസോയും കെയുവി 100ഉം കമ്പനി വിപണിയില്‍ നിന്നും പിൻവലിക്കാൻ പോകുകയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്​. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെയും കിംവദന്തികളെയും അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് മഹീന്ദ്ര.

തൽക്കാലം ഇരു വാഹനങ്ങളും പിൻവലിക്കാനോ നിർമാണം അവസാനിപ്പിക്കാനോ ഒരു ഉദ്ദേശ്യവുമില്ലെന്ന്​ മഹീന്ദ്ര പ്രഖ്യാപിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍‍ട്ട് ചെയ്യുന്നു. ഇരു മോഡലുകളും കമ്പനിയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും വരും മാസങ്ങളിൽ ഈ വാഹനങ്ങളുടെ കൂടുതൽ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നുമാണ് മഹീന്ദ്ര വൃത്തങ്ങൾ നല്‍കുന്ന സൂചന. 

മരാസോയുടെ എഎംടി വേര്‍ഷന്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോഷിഫ്റ്റ് ബാഡ്‍ജ് നല്‍കിയ മഹീന്ദ്ര മരാസോ എംപിവി പരീക്ഷണ ഓട്ടം നടത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു. മരാസോ, കെയുവി 100 എന്നിവ തങ്ങളുടെ ഉല്‍പ്പന്ന നിരയിലെ അവിഭാജ്യ മോഡലുകളാണെന്ന് മഹീന്ദ്ര വ്യക്തമാക്കി. ഇരു വാഹനങ്ങളുടെയും ബി‌എസ് 6 പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും കുടുതൽ പരിഷ്​കരിച്ച പതിപ്പുകൾ ഇറക്കാനാണ്​ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും എഎംടി ട്രാൻസ്​മിഷനുമായി മരാസോ ഉടൻ പുറത്തിറക്കുമെന്നും മഹീന്ദ്ര വക്താവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോളതലത്തിലെ ഡിമാന്‍ഡ് കാരണം മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി മൈക്രോ എസ്‌യുവിയുടെ കയറ്റുമതി വര്‍ധിച്ചതായും മഹീന്ദ്ര പറയുന്നു. കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായി എന്‍ട്രി ലെവല്‍ എസ്‌യുവി നിലനിര്‍ത്താനാണ് സാധ്യത. ഇതേ വാഹനത്തിന്റെ ഇലക്ട്രിക് വേര്‍ഷന്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷനും വിപണിയില്‍ അവതരിപ്പിക്കും.

എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മരാസോ.  രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്‍തബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടക്കത്തില്‍ത്തന്നെ ശ്രദ്ധ നേടിയ മോഡലായിരുന്നു  മഹീന്ദ്ര മരാസോ.'സ്രാവ്‌' എന്ന് അര്‍ഥം വരുന്ന സ്‍പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ. 

ആദ്യം ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. പിന്നീട് ബിഎസ്6ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി പുറത്തിറക്കി. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.  അതേസമയം വാഹനത്തിന് പെട്രോള്‍ എഞ്ചിൻ നൽകാനൊരുങ്ങുകയാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരീക്ഷണയോട്ടം നടത്തുന്ന പുതിയ വാഹനത്തെ നിരത്തില്‍ കണ്ടെത്തിയിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 163 bhp 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റാകും എംപിവിയിൽ ഇടംപിടിക്കുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.  ഇനി പെട്രോള്‍ എഞ്ചിന്‍ കൂടി വിപണയിൽ പ്രവേശിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. പെട്രോൾ എഞ്ചിൻ  ഇല്ല എന്നത് മാരാസോയുടെ ഒരു കുറവ് ആയിരുന്നു. ഈ കുറവ് നികത്താനാണ് മഹീന്ദ്രയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

Image Courtesy: Motor Octane

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!