ഈ ബൈക്കിനൊപ്പം 4900 രൂപയുടെ ഹെല്‍മറ്റ് സൗജന്യം!

By Web TeamFirst Published Dec 21, 2020, 10:41 AM IST
Highlights

4901 രൂപ വിലയുള്ള ഫുൾ ഫേസ് ബ്രാൻഡഡ് ഹെൽമെറ്റാണ് സൗജന്യമായി ലഭിക്കുക

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ 300 യുടെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തുന്നത്. ഇപ്പോൾ ഇതാ ബൈക്കിന് പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. പുതുതായി മോജോ വാങ്ങുമ്പോൾ 4901 രൂപ വിലയുള്ള ബ്രാൻഡഡ് ഹെൽമെറ്റ് സൗജന്യമായി ലഭിക്കും എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷീറോ ബ്രാൻഡിന്റെ ഫുൾ ഫേസ് ഹെൽമെറ്റ് ആണ് ലഭിക്കുക എന്നും ഡിസംബര്‍ 31 വരെയാണ് ഈ ഓഫറെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടൊപ്പം റഫറൽ പ്രോഗ്രാമും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഹീന്ദ്രയുടെ റൈഡർ കൂട്ടായ്മയായ മോജോട്രൈബിലേക്ക് ഒരാളെ ക്ഷണിക്കാൻ (ബഡി പെയർ) സാധിക്കും. നിങ്ങൾ ക്ഷണിച്ച വ്യക്തി പിന്നീട് മഹീന്ദ്ര മോജോ വാങ്ങുകയാണെങ്കിൽ 2350 രൂപ വിലയുള്ള മോജോ ബ്രാൻഡഡ് റൈഡിങ് ഗ്ലൗസ് നിങ്ങൾക്ക് സമ്മാനമായി ലഭിക്കും. ഇതും ഈ മാസം 31 വരെയുള്ള ഓഫറാണ്.

1,99,900 രൂപയാണ് മോജോ ബിഎസ്6-ന്റെ എക്‌സ്-ഷോറൂം വില. റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, ഗാര്‍നെറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ സ്‌കീമുകളില്‍ മോജോ ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ ബിഎസ്6 കംപ്ലയിന്റ് 295 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2020 മഹീന്ദ്ര മോജോയുടെ ഹൃദയം. ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ 7,500 rpm-ല്‍ 26.29 bhp കരുത്തും 5,500 rpm-ല്‍ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-4 എന്‍ജിനെ അപേക്ഷിച്ച് കരുത്ത് അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

ഡ്യുവല്‍ ഹെഡ്‌ലാമ്പ്, 21 ലിറ്റര്‍ ശേഷിയുള്ള വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, അലോയി വീല്‍ എത്തിവ മുന്‍ മോഡലിലേത് തുടരും. ടാങ്കില്‍ ബിഎസ്-6 ഡീക്കല്‍ നല്‍കിയിരിക്കുന്നത് ഈ മോഡലിലെ പുതുമയാണ്. അനലോഗ് ടാക്കോമീറ്ററും, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ചെറിയ ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ടൂറിസ്‌കോപ്പിക് ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്‍ഷന്‍ എന്നിവ ഘടിപ്പിച്ചുകൊണ്ട് മോജോ പഴയപടി തന്നെ സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് യൂണിറ്റിന് 143.5 mm ട്രാവലും പിന്‍ സെറ്റിന് 135 mm ട്രാവലും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു.

ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്‌ക്, 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ഉയരം 815 മില്ലീമീറ്ററാണ്. മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2115 mm, 800 mm, 1150 mm എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.  

click me!