കാത്തിരിപ്പിനൊടുവില്‍ നിരത്തിലിറങ്ങി പുത്തന്‍ മോജോ300

By Web TeamFirst Published Aug 1, 2020, 11:02 PM IST
Highlights

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ 300 ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിപണിയിലെത്തി. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ 300 ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിപണിയിലെത്തി. പുത്തന്‍ മോജോയ്ക്ക് രൂപയാണ് 1.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 10,000 രൂപ കൂടുതാണിത്. മുമ്പുണ്ടായിരുന്ന രണ്ട് വേരിയന്റുകള്‍ക്ക് പകരം ഒറ്റ വേരിയന്റിലായിരിക്കും ഈ ബൈക്കിന്റെ രണ്ടാം വരവ്.

പുതുക്കിയ മോഡല്‍ റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, ഗാര്‍നെറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്. പുതിയ നാല് നിറങ്ങളും പരിഷ്‍കരിച്ച എന്‍ജിനും ഒഴിവാക്കിയാല്‍ ഈ വാഹനത്തിന്റെ ഡിസൈനിലും മറ്റും കാര്യമായ മാറ്റങ്ങളൊന്നും ഇല്ല.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ ബിഎസ്6 കംപ്ലയിന്റ് 295 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2020 മഹീന്ദ്ര മോജോയുടെ ഹൃദയം. ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ 7,500 rpm-ല്‍ 26.29 bhp കരുത്തും 5,500 rpm-ല്‍ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-4 എന്‍ജിനെ അപേക്ഷിച്ച് കരുത്ത് അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

ഡ്യുവല്‍ ഹെഡ്‌ലാമ്പ്, 21 ലിറ്റര്‍ ശേഷിയുള്ള വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, അലോയി വീല്‍ എത്തിവ മുന്‍ മോഡലിലേത് തുടരും. ടാങ്കില്‍ ബിഎസ്-6 ഡീക്കല്‍ നല്‍കിയിരിക്കുന്നത് ഈ മോഡലിലെ പുതുമയാണ്. അനലോഗ് ടാക്കോമീറ്ററും, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ചെറിയ ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ടൂറിസ്‌കോപ്പിക് ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്‍ഷന്‍ എന്നിവ ഘടിപ്പിച്ചുകൊണ്ട് മോജോ പഴയപടി തന്നെ സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് യൂണിറ്റിന് 143.5 mm ട്രാവലും പിന്‍ സെറ്റിന് 135 mm ട്രാവലും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു.

ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്‌ക്, 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ഉയരം 815 മില്ലീമീറ്ററാണ്. മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2115 mm, 800 mm, 1150 mm എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ ഇരട്ട ഹെഡ് ലാംപുകളെ കൂടാതെ റേഡിയേറ്റര്‍ ഷ്രോഡ്, എല്‍ഇഡി ടൈലാമ്പുകള്‍, ബോഡി പാനലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഇത് വഹിക്കുന്നു.

click me!