
തിരുവല്ലയിലെ നരബലി കേസില്‍ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദിനെ കുടുക്കാൻ പൊലീസിന് തുമ്പായത് മഹീന്ദ്ര സ്‍കോര്‍പ്പിയോയും അയല്‍വാസികളുടെ മൊഴിയും. കഴിഞ്ഞ മാസം 26ന് കൊച്ചിയിൽനിന്നു പത്മത്തെ കാണാതായതുമുതലാണ് കൊടുംക്രൂരതയുടെ ചുരളഴിഞ്ഞ് തുടങ്ങുന്നത്.
പത്മത്തെ കാണാനില്ലെന്ന് മകനും സഹോദരിയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. അന്വേഷണം തുടങ്ങിയ പൊലീസ് സംഘത്തിന് കൊച്ചിയിൽനിന്നു പത്മം കൊച്ചിയില്‍ നിന്ന് സ്കോർപിയോ കാറിൽ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതാണു കേസിനു തുമ്പായത്. അങ്ങനെ ഈ കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തി നിന്നത് തിരുവല്ല ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിലാണ്.
'ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ല, നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല': ഭാര്യ നബീസ
ഒമ്പന് രാത്രി ഭഗവൽ സിങ്ങിന്റെ അയൽവാസികളില്‍ ഒരാളെ പൊലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഈ വീട്ടില്‍ നിന്നും ശേഖരിച്ചു. ഇതിൽനിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്റെ വീട്ടില്‍ എത്തിയതായി കണ്ടെത്തിയത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനിൽനിന്നു രണ്ട് പൊലീസുകാരെത്തി അന്വേഷണം നടത്തി. ഇതോടെ ഭഗവൽ സിങ്ങിന്റെ വീട് നിരീക്ഷണത്തിലായി.
രണ്ടു ദിവസമായി കൊച്ചിയിൽനിന്നുള്ള പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഇലന്തൂരിലെ വീടും പരിസരവും. തിരുമ്മു കേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികൾ വരാറുണ്ട് എന്നും എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി. മുഹമ്മദ് ഷാഫി തിരുമ്മല്‍ കേന്ദ്രത്തില്‍ പലപ്പോഴും വരികയും പോവുകയും ചെയ്യാറുണ്ടെന്നും സ്കോര്‍പിയോ കാറിലായിരുന്നു ഇയാളുടെ വരവെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതോടെയാണ് മുഹമ്മദ് ഷാഫി കുടുങ്ങിയത്.
'ചുവന്ന ഭീം' എന്ന് തന്‍റെ പുത്തൻ സ്‍കോര്‍പിയോയ്ക്ക് പേരിട്ട് മഹീന്ദ്ര മുതലാളി, കാരണം ഇതാണ്!
തിങ്കൾ രാവിലെ ഏഴോടെ കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവൽ സിങ്ങും ഭാര്യയും. പൊലീസ് ഇവരെ വീട്ടിനുള്ളിൽ നാല് മണിക്കൂറോളം ചോദ്യം ചെയ്‍ത ശേഷമാണ് കസ്റ്റഡിയില്‍ എടുക്കുന്നതും ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നതും. അതേസമയം കൊല്ലപ്പെട്ട സ്‍ത്രീകളെ കൊണ്ടുവരാൻ ഷാഫി ഉഫയോഗിച്ച മഹീന്ദ്ര സ്‍കോര്‍പിയോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.