ഷോറൂമുകളില്‍ തള്ളിക്കയറി ജനം, അമ്പരന്ന് മഹീന്ദ്ര!

By Web TeamFirst Published Nov 7, 2020, 1:21 PM IST
Highlights

മഹീന്ദ്ര ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ് ജനം എന്നാണ് റിപ്പോര്‍ട്ടുകള്‍

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിനായി ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ് ജനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അവതരിപ്പിച്ച് ഒരു മാസം പിന്നിട്ടതോടെ 20,000-ത്തില്‍ അധികം ബുക്കിംഗ് ആണ് വാഹനം സ്വന്തമാക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ ഡെലിവറി തുടങ്ങി രണ്ടു ദിവസം കൊണ്ട് 500 ഓളം യൂണിറ്റുകളാണ് കമ്പനി ഉടമകള്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബുക്കിംഗ് കുതിച്ചതോടെ കാത്തിരിപ്പ് ഏഴ് മാസത്തോളമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് ടോപ്പ് മോഡലിനാണ് ഏറ്റവുമധികം ഡിമാന്റ് എന്നാണ് കമ്പനി പറയുന്നത്.  ബുക്കിംഗ് ഇതേനിലയില്‍ തുടരുകയാണെങ്കില്‍ ഉത്പാദനം ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം ഥാറിന്റെ 2000 യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ജനുവരി മുതല്‍ പ്രതിമാസ ഉത്പാദനം 3000 യൂണിറ്റായി ഉയര്‍ത്തുന്നത് സംബന്ധിച്ച ആലോചനകളും മഹീന്ദ്ര നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. 

click me!