ഥാറിനായി കൂട്ടയിടി, ബുക്കിംഗിനും ക്യൂ, കാത്തിരിപ്പ് നീളും!

By Web TeamFirst Published Oct 20, 2020, 12:01 PM IST
Highlights

ഇതുവരെ ഥാർ ബുക്ക് ചെയ്തിട്ടുള്ളവരിൽ 57 ശതമാനം പേരും ആദ്യമായി ഒരു വാഹനത്തിന്റെ ഉടമയാകാൻ പോകുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്.  ഒക്ടോബർ 2 ന് ബുക്കിംഗ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ 15,000 കടന്ന് ബുക്കിങ് കുതിക്കുകയാണ് വാഹനം. ഇത് കൂടാതെ ഡീലർഷിപ്പുകളിൽ ഇതിനകം ഥാറിനായി 65,000-ൽ അധികം അന്വേഷണങ്ങളും ലഭിച്ചെന്നും എട്ട് ലക്ഷത്തോളം പേര്‍ പുത്തൻ ഥാറിന്‍റെ വെബ്‌സൈറ്റ് സന്ദർശിച്ചു എന്നും മഹീന്ദ്ര വ്യക്തമാക്കിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്ക് ചെയ്‍ത് അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരും പുതിയ വാഹനം കൈകകളില്‍ എത്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുവരെ ഥാർ ബുക്ക് ചെയ്തിട്ടുള്ളവരിൽ 57 ശതമാനം പേരും ആദ്യമായി ഒരു വാഹനത്തിന്റെ ഉടമയാകാൻ പോകുന്നവരാണെന്നുംമാന്വൽ മോഡലിനേക്കാൾ ഓട്ടോമാറ്റിക് മോഡലുകൾക്കാണ് ആവശ്യക്കാരെന്നും മഹീന്ദ്ര വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഒന്നിനാണ് പുത്തൻ ഥാറിന്റെ ഡെലിവറി മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത 18 നഗരങ്ങളിൽ മാത്രമേ പുത്തൻ ഥാർ ഈ മാസം പകുതി വരെ ടെസ്റ്റ് ഡ്രൈവിനായി ലഭ്യമായിരുന്നുള്ളു. മറ്റുള്ള നഗരങ്ങളിലേക്ക് കഴിഞ്ഞ ആഴ്‍ച മുതലാണ് ഥാർ യൂണിറ്റുകൾ എത്തിത്തുടങ്ങിയത്. ഇത് വരും ദിവസങ്ങളിൽ ബുക്കിങ് സംഖ്യാ ഗണ്യമായി ഉയർത്തും എന്ന് മഹിന്ദ്ര കണക്ക് കൂട്ടുന്നു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. 

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. 

click me!